തൊടുപുഴ: എക്സൈസ് വകുപ്പിലെ കലാകാരൻമാരുടെ പ്രകടനം കണ്ട് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് എല്ലാം മറന്ന് ചിരിച്ചു.
പെരുന്പിള്ളിച്ചിറ അൽഅസ്ഹർ ഡെന്റൽ കോളജിൽ നടന്ന ലഹരി വിരുദ്ധ കാന്പയിനോടനുബന്ധിച്ചാണ് ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി ഇടുക്കി എക്സൈസ് തയാറാക്കിയ കാലിടറാതെ കാവലാളാകാം എന്ന നാടകം അവതരിപ്പിച്ചത്.
കാന്പയിൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഋഷിരാജ്സിംഗ് നാടകം ആദ്യന്തം വീക്ഷിച്ചു. നാടകത്തിൽ മദ്യപാനിയായി അഭിനയിച്ച ഉടുന്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. ബി ബിനുവിന്റെ തകർപ്പൻ പ്രകടനം കണ്ടാണ് കമ്മീഷണർ സ്വയം മറന്ന് ചിരിച്ചത്. നാടകത്തിനു ശേഷം ഋഷിരാജ് സിംഗ് നാടകത്തിൽ അഭിനയിച്ച കലാകാരൻമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ. അബ്ദുൾ കലാമും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രിവന്റീവ് ഓഫീസർമാരായ കെ. ആർ. സത്യൻ, ജനമൈത്രി എക്സൈസ് അടിമാലി പ്രിവന്റീവ് ഓഫീസർ സി. സി. സാഗർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. എ. സെബാസ്റ്റ്യൻ, അഗസ്റ്റിൻ ജോസഫ്, മുഹമ്മദ് റിയാസ്, പി.കെ. ഷിജു, കെ. ഷനാജ്, എം. പ്രതീഷ് എന്നിവരാണ് നാടകത്തിലെ മറ്റ് അഭിനേതാക്കൾ.