കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനും കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിക്കുമ്പോഴും ആവശ്യത്തിന് പരിശോധനാ കിറ്റുകളില്ലാതെ എക്സൈസ് വകുപ്പ് ബുദ്ധിമുട്ടുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന കിറ്റുകളും പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് തിരിച്ചറിയാനുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകളും എക്സൈസ് വകുപ്പില്‍ കിട്ടാക്കനിയാണ്.
നാട്ടിലാകെ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുമ്പോഴാണ് എക്സൈസ് വകുപ്പ് കിറ്റുകളില്ലാതെ പ്രതിസന്ധിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് കണ്ടെത്താനാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ സര്‍ക്കിള്‍ ഓഫീസുകളിലും നര്‍ക്കോട്ടിക് സ്ക്വാഡിലും മാത്രമാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭിക്കുക. മറ്റിടങ്ങളില്‍ ഇത് അത്യാവശ്യമായി വരുന്ന സമയത്ത് ഇവിടങ്ങളില്‍ നിന്നു താത്ക്കാലികമായി എത്തിക്കുകയാണ് പതിവ്. എല്ലാ സ്റ്റേഷന് പരിധികളിലും ഇത്തരം കിറ്റുകള്‍ ആവശ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാസപരിശോധനയിലൂടെ മയക്കുമരുന്ന് ഏതെന്ന് കണ്ടെത്തുന്ന കിറ്റിന് 5,000 രൂപ മുതലാണ് വില. ആറ് മാസമാണ് ഇവയുടെ കാലാവധി. പ്ലാന്‍ ഫണ്ടില്‍ നിന്നും നിശ്ചിത തുക നീക്കിവച്ചാണ് കിറ്റുകള്‍ വാങ്ങിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താനുള്ള കിറ്റുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.
ഉമിനീരില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന കിറ്റിന് 500 രൂപയോളമാണ് വില. എംഡിഎംഎ, കൊക്കെയ്ൻ, എല്‍എസ്ഡി, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ കിറ്റുപയോഗിച്ചുള്ള പരിശോധന. മദ്യപിച്ച് വാഹനമോടിച്ചവരെ കണ്ടെത്താന്‍ ബ്രത്തലൈസര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഞ്ചാവുള്‍പ്പെടെയുള്ള നിരോധിത ലഹരികള്‍ ഉപയോഗിച്ചവരെ കണ്ടെത്താന്‍ സംശയം തോന്നിയാല്‍ കസ്റ്റഡിയിലെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തേണ്ടതുണ്ട്.
കിറ്റ് ഉപയോഗിക്കുന്നതിലൂടെ ഈ സമയനഷ്ടം ഒഴിവാക്കാന്‍ സാധിക്കും. ഇത്തരം പരിശോധനകള്‍ വഴി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെ മുഴുവന്‍സമയ നിരീക്ഷണത്തില്‍ നിര്‍ത്താനും ഇതുവഴി ലഹരിവില്പനക്കാരെ പിടികൂടാനും സാധിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോലീസും കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രം പരിശോധന നടത്തിയാല്‍ വേണ്ടത്ര പ്രയോജനം ലഭിക്കില്ല. കൂടുതല്‍ കിറ്റുകള്‍ എത്തിച്ച് പരിശോധനകള്‍ കര്ശനമാക്കാമുള്ള ക്രമീകരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.