കെ.ഷിന്റുലാല്‍
കോഴിക്കോട് : വ്യാജമദ്യവും വീര്യം കൂടിയ മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അബ്കാരി-നാര്‍ക്കോട്ടിക് കേസുകളിലുള്‍പ്പെട്ട പ്രതികളുടെ ചരിത്രം പഠിക്കാന്‍ എക്സൈസ്.
സംസ്ഥാനത്തെ അബ്കാരി-നാര്‍ക്കോട്ടിക് കേസുകളിലെ പ്രതികളുടെ വിശദവിവരങ്ങള്‍ സഹിതം എക്സൈസ് ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് ഉത്തരവിറക്കി.
എന്‍ഫോഴ്സ്മെന്റ് വിഭാഗം അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍, എക്സൈസ് വിജിലന്‍സ് ഓഫീസര്‍, ജോയിന്റ് എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയത്.
ശിക്ഷകഴിഞ്ഞു പുറത്തിറങ്ങുന്ന പ്രതികള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ പതിവായി ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് ഹിസ്റ്ററി ഷീറ്റ് തയാറാക്കാന്‍ തീരുമാനിച്ചത്. പ്രതികളുടെ ചരിത്രവും നിലവിലെ അവസ്ഥയും വ്യക്തമാക്കുന്ന വിധത്തില്‍ ഫോട്ടോ സഹിതമുള്ള വിവരങ്ങളാണ് ശേഖരിക്കേണ്ടത്.
ഈ വിവരങ്ങള്‍ ഭാവിയില്‍ കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഏറെ ഫലപ്രദമാകുമെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍. ഒരു ഓഫീസ് പരിധിയില്‍ എത്ര സ്ഥിരം കുറ്റവാളികള്‍ ഉണ്ടെന്ന് മനസിലാക്കുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും ഇത് ഏറെ സഹായകമാണ്.
ഇതിന് പുറമേ മറ്റു ജില്ലകളില്‍ ഏതെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതിയുടെ വിവരങ്ങള്‍ കൈമാറാനും അതുവഴി അന്വേഷണം നടത്താനും സാധിക്കും. ഇതരസംസ്ഥാന ഏജന്‍സികള്‍ക്കും കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും ഹിസ്റ്ററി ഷീറ്റ് സഹായകമാവും.
ഇതിന് പുറമേ ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വിമുക്തി മുഖേന ലഹരിയില്‍ നിന്ന് മുക്തി നേടുന്നതിനുള്ള സഹായങ്ങള്‍ നല്‍കാനും. സാധിക്കും.
പ്രതിയുടെ മുഖത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്നായുള്ള ഫോട്ടോ, പേര് വിവരങ്ങള്‍ , മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പ് താമസിച്ചിരുന്ന മേല്‍വിലാസം, തൊഴില്‍, അടുത്ത ബന്ധുക്കളുടെ പേരും വിലാസവും, കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതിയുടെ പ്രവര്‍ത്തികള്‍ മനസിലാക്കുന്നതിനുള്ള വിവരങ്ങള്‍, പ്രതി ചെയ്ത കുറ്റത്തിന്റെ വിവരം, മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന്റെ വിവരം എന്നിവയും പ്രതി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരേ ലഭിക്കുന്ന പരാതിയുടെ വിവരവും പരാതിക്കാരന്റെ പേരും വിലാസവുമെല്ലാം ഹിസ്റ്ററി ലിസ്റ്റില്‍ ചേര്‍ക്കണം.
ജില്ല, എക്സൈസ് റേഞ്ച്, സര്‍ക്കിളിന്റെ പേര്, ഹിസ്റ്ററി ഷീറ്റ് നമ്പര്‍, വര്‍ഷം എന്ന രീതിയില്‍ തയാറാക്കാനാണ് നിര്‍ദേശം. ഹിസ്റ്ററി ഷീറ്റ് എക്സൈസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡിജിറ്റിലായി സൂക്ഷിക്കും.