കെ.ഷിന്റുലാല്‍
കോഴിക്കോട് : വ്യാജ മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട് മിന്നല്‍ ഗൃഹപരിശോധനയ്ക്ക് വിലക്കിട്ട് എക്സൈസ് കമ്മീഷണര്‍. ഗൃഹപരിശോധന ആവശ്യമാണെങ്കില്‍ പരാതിയുടെ യാഥാര്‍ഥ്യം പരോക്ഷമായോ രഹസ്യമായോ ഉറപ്പവരുത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് ഉത്തരവിറക്കി.
പരാതികളില്‍ നിരപരാധികള്‍ക്ക് മാനഹാനി ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ചില പരാതികള്‍ മനപൂര്‍വമായി ഉപദ്രവിക്കണമെന്ന ഉദ്യേശത്തോടെ അയക്കുന്നതാണ്.
ഇക്കാര്യം കണക്കിലെടുത്ത് പരാതിക്കാരന്റെ വിശ്വാസ്യതയും പരാതി അയയ്ക്കാന്‍ ഉപയോഗിച്ച മാര്‍ഗവും വിലയിരുത്തി അന്വേഷണം നടത്തണം.
പേരോ വിലാസമോ ഇല്ലാതേയും അപൂര്‍ണമായ വിലാസത്തോടേയും ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിന് കാര്യപ്രാപ്തിയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കണമെന്നും കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രം തുടര്‍നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം.
ഗൃഹപരിശോധന നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷണര്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വീടുകളിലും സ്ഥാപനങ്ങളിലും പലപ്പോഴും മിന്നല്‍ പരിശോധനകളിലൂടെയാണ് പ്രതികളെ പിടികൂടുന്നത്.
രഹസ്യവിവരം ലഭിച്ചാല്‍ മറ്റൊരു ഉറവിടത്തില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്ന പക്ഷം വിവരം ചോരാനുള്ള സാധ്യതയേറെയാണ്. ഇപ്രകാരം വിവരം പുറത്തറിയുന്നതിലൂടെ പ്രതികളെ പിടികൂടാന്‍ സാധിക്കില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥരില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ മനുഷ്യാവകാശം മുന്‍നിര്‍ത്തിയുള്ള കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കുമെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഗൃഹ പരിശോധനയോ സ്ഥാപനങ്ങളിലെ പരിശോധനയോ നടത്തുന്ന സമയം നിര്‍ബന്ധമായും സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യം ഉറപ്പാക്കണം.
സെര്‍ച്ച് ലിസ്റ്റ്, മഹസര്‍, എന്നിവ തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കണം. പരിശോധനയ്ക്ക് മുമ്പ് സിആര്‍പിസി പ്രകാരം മെമ്മോറാണ്ടം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് ഉറപ്പാക്കണം. പരിശോധനയ്ക്ക് പോകുന്നതിന് മുമ്പ് ലഭിച്ച രഹസ്യ വിവരശേഖരണം അതിന്റെ വിവരങ്ങള്‍ എന്നിവ ജിഡിയില്‍ രേഖപ്പെടുത്തണം.
അതീവ രഹസ്യ സ്വഭാവമുള്ള പരാതിയാണെങ്കില്‍ വിവരങ്ങള്‍ പരിശോധനയ്ക്ക് ശേഷം ജിഡിയില്‍ രേഖപ്പെടുത്തിയാല്‍ മതി. ബോധപൂര്‍വം തെറ്റായ വിവരം നല്കിയ ആളാണെങ്കില്‍ തുടര്‍നടപടികള്‍ക്കായി ലഭ്യമായ വിവരങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കണം.
വനിതാ സിവില്‍ എക്സൈസ് ഓഫീസറുടെ സാന്നിധ്യം ഉറപ്പുവരുത്തി മാത്രമേ പരിശോധന നടത്താവൂ.അതേസമയം തെറ്റായ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൃഹപരിശോധനയോ മറ്റൊ നടത്തേണ്ടി വന്ന സാഹചര്യം ഉണ്ടായാല്‍ പരിശോധിച്ച ഉദ്യോഗസ്ഥനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഉടമയോട് കാര്യങ്ങള്‍ വിശദീകരിച്ച് രമ്യതയിലെത്തണമെന്നും കമ്മീഷണറുടെ സര്‍ക്കുലറിലുണ്ട്.
അതേസമയം രഹസ്യവിവരങ്ങള്‍ ലഭിച്ചാല്‍ ചില ഘട്ടങ്ങളില്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടും. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കുലര്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നും ഇത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.