സ്വന്തം ലേഖകൻ
കൊല്ലം :എക്സൈസ് ജീവനക്കാർക്ക് വിശ്രമമില്ലാതെ തുടർച്ചയായി ജോലിചെയ്യേണ്ടിവരുന്നത് ജീവനക്കാരിൽ അതൃപ്തിക്ക് ഇടവരുത്തുന്നു. വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുന്നതായുള്ള ആക്ഷേപം വർധിക്കുകയാണ്. ചില എക്സൈസ് റേഞ്ച് ഓഫീസുകളിലാണ് ജീവനക്കാർക്ക് വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്നത്.
14മുതൽ 20വരെ മണിക്കൂർ ഫീൽഡ് ജോലി ചെയ്യേണ്ടിവരുന്നു. തുടർച്ചയായി ഫീൽഡ് ജോലി ചെയ്യുന്നവർക്ക് വിശ്രമമില്ലാത്തതിനാൽ പലരും രോഗികളായി മാറുകയാണ്. എട്ടുമണിക്കൂറിൽ കൂടുതൽ ജീവനക്കാർഫീഡിൽ ജോലിചെയ്യുന്നുണ്ട്. അങ്ങനെ ജോലിചെയ്യേണ്ടിവന്നാൽ ആനുപാതികമായി അവർക്ക് വിശ്രമം കൊടുക്കണമെന്ന കമ്മീഷണരുടെ നിർദേശവും റേഞ്ച് ഓഫീസർമാർ പാലിക്കുന്നില്ല.
ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ജീവനക്കാരുടെ കുറവാണ് ഈ സാഹചര്യത്തിന് ഇടവരുത്തുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. സിവിൽ എക്സൈസ് ഓഫീസർമാർ, പ്രിവന്റീവ് ഓഫീസർമാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കാണ് വിശ്രമം ലഭിക്കാതെ വരുന്നത്. ജില്ലയിലെ ഒന്പത് റേഞ്ചുകൾ, അഞ്ച് സർക്കിളുകൾ, സ്ക്വാഡ് എന്നിവയാണ് ഉള്ളത്.
ചെക്കുപോസ്റ്റുകൾ, ഡിവിഷൻ ഓഫീസുകൾ, മുരുകൻഫാർമ എന്നിവിടങ്ങളിൽ മാത്രമാണ് മതിയായ ജീവനക്കാരുള്ളത്. എൻഫോഴ്സ്മെന്റ് പ്രവർത്തമുള്ള ഒറ്റ ഓഫീസിൽ പോലും വേണ്ടത്ര ജീവനക്കാരില്ല എന്നതാണ് സത്യം. ജോലിഭാരം കുറച്ച് വിശ്രമം അനുവദിക്കണമെന്നാണ് ജീവനക്കാരുടെ പൊതുവേയുള്ള ആവശ്യം.