കണ്ണൂർ: സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വില്പനയും വ്യാപകമാകുമ്പോഴും ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകളുടെ പരിശോധന കാര്യക്ഷമമല്ല.
ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വഴിയും സർക്കാർ അംഗീകൃത കെമിക്കൽ ലാബുകൾ വഴിയും സമയബന്ധിതമായി പരിശോധന പൂർത്തിയാക്കാത്തതിൽ കേസുകളുടെ തുടർ നടപടികളും വൈകുകയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ രാസപരിശോധന നടത്താൻ ലാബില്ലാത്തതിനാൽ കോഴിക്കോടുള്ള റീജണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലയച്ചാണ് പരിശോധന നടത്തുന്നത്.
സംസ്ഥാനത്താകെ 9,610 സാമ്പിളുകളാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പരിശോധനയ്ക്ക് നൽകിയത്. അതിൽ 5,613 സാമ്പിളുകളുടെ ഫലം മാത്രമാണ് വന്നത്.
3,697 എണ്ണത്തിന്റെ ഫലം ഇനിയും ലഭിക്കാനുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് 269 സാമ്പിളുകളാണ് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചത്.
അതിൽ 60 ശതമാനത്തിന്റെ പരിശോധനാ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സാമ്പിളുകൾ പരിശോധിക്കാൻ സർക്കാർ അംഗീകൃത ലാബുകൾ ഉള്ളത്. പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സാമ്പിളുകൾ കോഴിക്കോട്ടെ ലാബിലാണ് പരിശോധിക്കുന്നത്.
ലഹരി മരുന്നിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ആവശ്യത്തിന് എല്ലാ എക്സൈസ് ഓഫീസുകളിലും ലഭ്യമാക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഏതു ലഹരി മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019ൽ ഉത്തരവിട്ടിരുന്നു.
പിന്നീട് ഡിവിഷൻ ബെഞ്ചും ഇതേ നിർദ്ദേശം നൽകിയെങ്കിലും ഉത്തരവ് പാലിക്കപ്പെടുന്നില്ല. നിർദേശം പാലിച്ചെന്നു വരുത്താനായി കുറച്ചു കിറ്റുകൾ വാങ്ങി വിതരണം ചെയ്യുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്
ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ് ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരുടെ രക്തസാമ്പിൾ, പിടികൂടിയ വസ്തു എന്നിവ തിരിച്ചറിയുന്നത്. കിറ്റിലൂടെ പരിശോധിച്ചാൽ ലഹരി വസ്തു ഏത്, എത്ര അളവിൽ ഉപയോഗിച്ചു എന്നിവ പ്രിന്റായി ലഭിക്കും. നർകോട്ടിക് കൺട്രോൾ ബ്യൂറോ ആണ് ഡിആർഐ, കസ്റ്റംസ്, എക്സൈസ്, പോലീസ് എന്നീ ലഹരി മരുന്ന് പിടികൂടാൻ അധികാരമുള്ള ഏജൻസികൾക്ക് കിറ്റുകൾ നൽകുന്നത്. 6 മാസമാണ് കിറ്റിന്റെ കാലാവധി. ബംഗളൂരുവിലാണ് കിറ്റുകൾ നിർമിക്കുന്നത്.