ഈരാറ്റുപേട്ട: പൂഞ്ഞാർ പനച്ചികപ്പാറയിൽ കഞ്ചാവുമായി പത്താംക്ലാസ് വിദ്യാർഥി എക്സൈസ് പിടിയിലായി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ നിലത്തുവീണ് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പൂഞ്ഞാർ കുന്നോന്നിയിൽ പോയി മടങ്ങും വഴിയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ പനച്ചികപ്പാറയ്ക്ക് സമീപം ബൈക്കിൽ ഇരിക്കുന്ന വിദ്യാർഥിയെ കണ്ട് എക്സൈസ് സംഘം വാഹനം നിർത്തി.
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ കൈയിൽ ഉണ്ടായിരുന്ന പൊതി വലിച്ചെറിഞ്ഞ് വിദ്യാർഥി ബൈക്ക് സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച പ്രസാദ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് നീങ്ങിയതോടെ ഇരുവരും നിലത്തു വീഴുകയായിരുന്നു.
സംഘം നടത്തിയ പരിശോധനയിൽ വലിച്ചെറിഞ്ഞ ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥി ഒമ്പതാം ക്ലാസ് മുതൽ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നതായി എക്സൈസ് പറഞ്ഞു. പ്രശ്നക്കാരനായ ഈ വിദ്യാർഥിയെ മറ്റൊരു സ്കൂളിൽനിന്നും നേരത്തെ പുറത്താക്കിയിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ ബിനീഷ്, ഉദ്യോഗസ്ഥനായ പ്രതീഷ്, ഡ്രൈവർ സജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വീണു പരിക്കേറ്റ പ്രസാദിന്റെ കൈക്ക് പൊട്ടലുണ്ട്.ഡ്യൂട്ടി തടസപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുക്കും. കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥിയെ ജാമ്യത്തിൽ വിട്ടയച്ചു.