കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും സ്വർണവും മോഷണം പോയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ കാറ്റാടിമൂട് ശ്രീജാഭവനിൽ ഷൈജു (36) ആണ് ചിതറ പോലീസിന്റെ പിടിയിലായത്.
ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് ഏകദേശം ഒരു വർഷത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥന് കുരുക്കായത്.
അൻസാരിയുടെ വീട്ടിൽ വാറ്റ് കണ്ടെത്താനാണ് ഷൈജു ഉൾപ്പെടെ ആറംഗ എക്സൈസ് സംഘം കഴിഞ്ഞ ഡിസംബറിൽ എത്തിയത്. വാറ്റ് ഉപകരണങ്ങളടക്കം കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെയായിരുന്നു മോഷണം.