സ്വന്തം ലേഖകന്‍
കോഴിക്കോട്: ബ്രൂവറി വിഷയത്തില്‍ ‘ആടിയുലയുന്ന’ എക്സൈസില്‍ വീണ്ടും വിവാദം. പ്രളയകെടുതിയെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടോള് എക്സൈസ് വകുപ്പ് ലക്ഷങ്ങൾ മുടക്കി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ് വിവാദമാവുന്നത്. സേനയിലെ ഒരുവിഭാഗം ഇതിനെതിരേ രംഗത്തെത്തിയിട്ടും ജില്ലാതലമത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു.
എക്സൈസ് സ്റ്റാഫ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന യോഗത്തിലാണ് മേള നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മേള നടത്തുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും എക്സൈസ് കമ്മീഷണറുടെ സമ്മര്‍ദ്ധം മൂലം മേള നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറയുന്നു.
നവംബര്‍ ഒന്‍പത് മുതല്‍ 11 വരെ കോട്ടയം ജില്ലയിലാണ് സംസ്ഥാനമേള നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ജില്ലാ മത്സരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച ജില്ലകളില്‍ വരെ മേളകള്‍ നടത്താനാണ് തീരുമാനം. മിക്ക ജില്ലകളിലും രണ്ടു ദിവസമാണ് മേള . പ
ത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ജില്ലകളില്‍ ഒരു ദിവസമാണ് മേള നടക്കുക. വയനാട് ഏഴിന് മേളയുടെ ഭാഗമായുള്ള കായികമത്സരങ്ങള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അതിശക് തമഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇടുക്കിയില്‍ മത്സരം നടത്തേണ്ട തിയതി തീരുമാനിച്ചിട്ടില്ല.
ആലപ്പുഴ, എര്‍ണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 13,14 ദിവസങ്ങളിലാണ് മേള നടക്കുന്നത്. തിരുവനന്തപുരത്ത് 14,15 നും കൊല്ലം ഏഴിനും 13 നും, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ 14നും കോഴിക്കോട്, 13നും കാസര്‍ഗോഡ് 14,18 നും മേള നടക്കും.
അതേസമയം ലക്ഷങ്ങളാണ് കലാകായിക മേളയുമായി ബന്ധപ്പെട്ട് ചെലവു പ്രതീക്ഷിക്കുന്നതെന്ന് സംഘാടകസമിതി തന്നെ വ്യക്തമാക്കുന്നു. വിവാദം ഉണ്ടാവാനുള്ള സാധ്യതകണക്കിലെടുത്ത് ആര്‍ഭാട രഹിതമായും ചെലവ് ചുരുക്കിയും മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് സംഘാടകസമിതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രളയകെടുതി മൂലമുള്ള ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ഈ മത്സരങ്ങള്‍ മാറ്റിവയ്ക്കാവുന്നതാണെന്നാണ് സേനയിലെ ഒരു വിഭാഗം പറയുന്നത്. സ്കൂള്‍ കലോത്സവം വരെ ലളിതമായി നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സേനാംഗങ്ങളുടെ കലാകായിക മാമാങ്കം ധൃതിപിടിച്ച് നടത്തുന്നത്. കൂടാതെ ഓരോ ജില്ലകളില്‍ നിന്നും മേളയുടെ നടത്തിപ്പിനുള്ള പണം പിരിച്ചു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബാറടമകൾ, ബാർഹോട്ടലുകൾ, മദ്യവിൽപ്പന ശാലകൾക്കടുത്ത ഹോട്ടലുകൾ തുടങ്ങിയവരിൽ നിന്നാണ് പണം പിരിക്കുക. ഇതിനുപുറമെ ജീവനക്കാരും നിശ്ചിത തുക നൽകണം. 10 നുള്ളിൽ ഓരോ ജില്ലകളില്‍ നിന്നുള്ള വിഹിതം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാലറി ചാലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയവര് വരെ എക്സൈസ് മേളയ്ക്കായി പിരിവ് നല്‍കേണ്ട അവസ്ഥയുമുണ്ട്.
350, 600, 900, 1250 എന്നിങ്ങനെയാണ് ഓരോ തസ്തികകള്‍ക്കനുസരിച്ച് നല്‍കേണ്ടതെന്നാണ് തീരുമാനം. സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ 350 ഉം, എക്സൈസ് ഇന്‍സ്പക്ടര്‍ 600 ഉം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാര്‍ 900 രൂപയും അസി. എക്സൈസ് കമ്മീഷണര്‍മാരും ഡെപ്യൂട്ടി കമ്മീഷണര്‍മാരും 1250 രൂപയും നല്‍കണമെന്നാണ് തീരുമാനം.