പുതുക്കാട്: വ്യാജ പരാതിയിൽ വീട്ടിൽ കയറി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ മനംനൊന്ത് വിദ്യാർഥിനി മുഖ്യമന്ത്രിക്ക ു പരാതി നൽകി.മരോട്ടിച്ചാൽ പഴവള്ളം ആദിവാസി കോളനിയിലെ വെള്ളാനി സജീവന്റെ മകൾ ശരണ്യയാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
പുതുക്കാട് സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ ശരണ്യക്ക് തന്റെ വീട്ടിൽ എക്സൈസുകാർ നിരന്തരം നടത്തുന്ന പരിശോധന മൂലം മനോവിഷമം അനുഭവിക്കുന്നതായും പഠനം മുടങ്ങുന്നതായും പരാതിയിൽ പറയുന്നു. വീട്ടിൽ ചാരായം വാറ്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
രണ്ട് വർഷത്തിനിടെ നിരവധി തവണ ഇതേ കാരണം പറഞ്ഞ് എക്സൈസ് വീട്ടിൽ കയറിയിറങ്ങിയിട്ടുണ്ട്. ഇതുവരെ നടന്ന പരിശോധനയിൽ വീട്ടിൽ നിന്ന് യാതൊന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ നിരന്തരം എക്സൈസ് നടത്തുന്ന പരിശോധന നിർത്തിവെക്കണമെന്നും പരാതിക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് ശരണ്യയുടെ അഭ്യർത്ഥന.
നിർധന കുടുംബാംഗമായ സജീവൻ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. ഇവരുടെ വീട്ടിൽ എക്സൈസ് നടത്തുന്ന പരിശോധനയുമായി ബന്ധപ്പെട്ട് കോളനിയിൽ ഉൗരുകൂട്ടം സംഘടിപ്പിച്ചു. ഒരു കുടുംബത്തിന് നേരെ എക്സൈസ് നടത്തുന്ന നടപടിയിൽ ഉൗരുകൂട്ടം പ്രതിഷേധിച്ചു.
തന്റെ കുടുംബത്തെ കുടുക്കാൻ ആരോ ശ്രമം നടത്തുന്നുണ്ടെന്നറിഞ്ഞ സജീവൻ സുരക്ഷക്കായി വീട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ എക്സൈസ് നടത്തുന്ന പരിശോധന മാനസികമായി തകർക്കുന്നതാണെന്നും ഇതുമൂലം പഠിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും ശരണ്യ പരാതി നൽകി.