അഗളി: പാലക്കാട്-എക്സൈസ് സ്പെഷ്യൽ സ്ക്വാഡും അഗളി റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ 1600 ലിറ്റർ വാഷും പത്തുലിറ്റർ ചാരായവും കണ്ടെടുത്തു.ഷോളയൂരിലും ഗോഞ്ചിയൂരിലും കുറുക്കത്തിക്കല്ലിലും നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.
പ്രദേശത്ത് വൻതോതിൽ ചാരായം ഉപയോഗിച്ചുവരുന്നതായി പാലക്കാട് എക്സൈസ് കമ്മീഷണർ രാജാസിംഗിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പാലക്കാട് സ്ക്വാഡിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞമാസം പാലക്കാട് സ്ക്വാഡ് വിഭാഗം നടത്തിയ തെരച്ചിലിൽ 1860 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചിരുന്നു.
തകരം, പ്ലാസ്റ്റിക് ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മരത്തിന്റെ പട്ടയും വെല്ലവും നവസാരവും ചേർത്താണ് വാഷ് തയ്യാറാക്കിയതെന്ന് അധികൃതർ അറിയിച്ചു. ചാരായ നിർമാതാക്കളെക്കുറിച്ചു വിവരം ലഭിച്ചതായി എക്സൈസ് സിഐ രാകേഷ് പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നത്.
സിഐ എം. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം. യൂനസ്, കെ.എസ്. സജിത്ത്, സുരേഷ്, എക്സൈസ് ഓഫീസർമാരായ പ്രീജു, ജോണ്സണ്, സുരേഷ്, സദാം ഹുസൈൻ, വനിതാ ഓഫീസർമാരായ സ്മിത, അംബിക എന്നിവർ റെയ്ഡിൽ പങ്കെടുത്തു.