കോഴിക്കോട് : മാസപ്പടിയും കൈക്കൂലിയും ചോദിച്ചുവാങ്ങുന്ന എക്സൈസിലെ വൈറ്റ് ബെഗേഴ്സ് സുരക്ഷിതര്‍ ! അഴിമതി കാണിക്കുന്നവരുടെ പട്ടിക കൈവശമുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന് പരസ്യമായി പ്രതികരിച്ചുവെങ്കിലും ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നാണ് സേനയില്‍ നിന്നുമയരുന്ന ആരോപണം.
എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സേനയ്ക്കുള്ളിലെ അഴിമതി സംബന്ധിച്ച് പരസ്യമാക്കിയത്.
മാസപ്പടിയെന്ന നാണംകെട്ട ഏര്‍പ്പാട് ഇന്നും കൊടുകുത്തി വാഴുന്നുണ്ടെന്നും മാസപ്പടി കുറഞ്ഞതിന് ബാറുടമയോട് കണക്ക് പറയുന്ന ഉദ്യോഗസ്ഥന്റെ ശബ്ദരേഖയും കള്ളുഷാപ്പ് ഉടമ മാസപ്പടി നല്‍കിയതിന്റെ ഡയറിയും ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
പാലക്കാട് ജില്ലയിലെ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തുവെങ്കിലും സമാനമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ഇപ്പോഴും സര്വീസിലുണ്ടെന്നാണ പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം.
ഇത്തരം സംഭവങ്ങളില്‍ സ്ഥലമാറ്റമാണ് ശിക്ഷയായി നല്‍കുന്നത്. സ്ഥലം മാറ്റം ജില്ലാ അതിര്‍ത്തികളിലെ എക്സൈസ് ഓഫീസുകളിലേക്കാണ് നല്‍കുന്നതെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടിയുടെ അനുഭാവികളാണെങ്കില്‍ കടുത്ത ശിക്ഷാ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
എക്സൈസ് അസോസിയേഷന് ഭാരവാഹികളില്‍ വരെ കളങ്കിതരുണ്ടെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സേനയില്‍ സ്വീകരിച്ചുവരുന്നതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.
അതേസമയം സംഘടനയുടെ പേരില്‍ പണം പിരിക്കരുതെന്നും മാസപ്പടിയില്‍ കുടുങ്ങിയാല്‍ മന്ത്രിയെ പിടിച്ച് രക്ഷപ്പെടാമെന്ന് പറഞ്ഞ് നടക്കുന്നവരുണ്ടെങ്കിലും അവര്‍ക്ക് തന്നെ കാണാന്‍ പോലും പറ്റില്ലെന്നും മന്ത്രി താക്കീത് നല്‍കിയിട്ടുണ്ട്.