തിരുവനന്തപുരം: മദ്യനയത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശത്തേക്ക് യാത്ര തിരിച്ചു. ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കുടുംബസമേതമാണ് അദ്ദേഹത്തിന്റെ യാത്ര.
സ്വകാര്യസന്ദർശനമാണെന്നും പൊതുഖജനാവിൽ നിന്നല്ല യാത്രാചെലവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിത്.
ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ പ്രവർത്തനസമയത്തിലും മദ്യനയത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് സർക്കാരിന് പണം നൽകണമെന്ന് ബാറുടമകളുടെ സംഘടന നേതാവ് അംഗങ്ങളോട് വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ വ്യക്തമാക്കുന്ന ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു.
മദ്യനയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പണപ്പിരിവുമായി സർക്കാരിന് ബന്ധമില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.