കോട്ടയം: വാർധക്യകാലമാകുമ്പോൾ തങ്ങളുടെ ബാല്യകാലത്ത് ചെയ്ത ഇഷ്ടവിനോദങ്ങൾ ഒരുവട്ടം കൂടി ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അവരുടെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കും യാത്രകൾ പോവുക എന്നത്. അസുഖങ്ങൾക്കും അവശതകൾക്കും അവധി നൽകി തങ്ങളുടെ കൂട്ടുകാർക്കൊപ്പം രസകരമായ കുറച്ച് നിമിഷങ്ങൾ പങ്കുവയ്ക്കാൻ വയോജനങ്ങൾക്കും ആഗ്രഹം ഉണ്ടാകും.
എന്നാൽ ഇത്തരത്തിൽ ഒരു പകൽ മുഴുവൻ തങ്ങളുടെ സമപ്രായക്കാർക്കൊപ്പം വിനോദയാത്ര പോകാൻ സാധിച്ച സന്തോഷത്തിലാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ വയോധികർ. എറണാകുളത്തേക്കാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഒരു ദിവസത്തെ യാത്ര സംഘടിപ്പിച്ചത്.
മണർകാട് ഗ്രാമപഞ്ചായത്തിലെ വയോജന ക്ഷേമ പദ്ധതിയായ ‘തണലിന്റെ’ ഭാഗമായായിരുന്നു സൗജന്യ വിനോദയാത്ര. ഈ ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ട് അവർ നടന്നത്.
ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ 90 പേരാണ് പങ്കെടുത്തത്. സ്പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.