വ്യായാമം 6 മുതൽ 13 വയസു വരെയുള്ള കുട്ടികളിൽ മെച്ചപ്പെട്ട ചിന്തയോ അറിവോ സമ്മാനിക്കുന്നു. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ചിന്തയും പഠനവും വിവേചനശേഷിയും മൂർച്ചയുള്ളതാക്കാൻ സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കും. വിഷാദം, ഉത്കണ്ഠ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. വ്യായാമത്തിന് കുട്ടിയുടെ ശ്രദ്ധയും അവന്റെ/അവളുടെ മാനസികാവസ്ഥയും മെമ്മറിയും മെച്ചപ്പെടുത്താനും സഹായകം.
ശാരീരികവും മാനസികവുമായ വികാസം
അസ്ഥികൾ, പേശികൾ, സന്ധികൾ എന്നി വയുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനു വ്യായാമം സഹായകം. കൊച്ചുകുട്ടികൾ വളരുന്നതിനുസരിച്ച്, അവർ വ്യത്യസ്തമായ ചലന സംബന്ധമായ കഴിവുകൾ വികസിപ്പിക്കുന്നു. അത് അവരെ ചലിക്കാനും കളിക്കാനും സഹായിക്കുന്നു.
അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഈ കഴിവുകൾ. കുട്ടികൾ കൗമാരക്കാരായി വളരുമ്പോൾ, അതേ കാര്യങ്ങൾ ബാധകമാണ്. അവരുടെ ശരീരം ദ്രുതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടിവരുമ്പോൾ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഇത് സഹായിക്കും.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഒഴിവാകും
കായികപരമായ വ്യായാമത്തിലൂടെ കുട്ടികൾ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് ഒരുപരിധി വരെ വിട്ടു നിൽക്കുന്നു. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ഏകാന്തതയുടെ വലിയ വലയം തന്നെ സൃഷ്ടിക്കുന്നുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.
പ്രിയപ്പെട്ടവരുമായി ശാരീരികോല്ലാസങ്ങളിൽ ഏർപ്പെടുന്നത് ജീവിതത്തിലെ വെല്ലുവിളികളിൽ അവരെ പിന്തുണയ്ക്കുന്ന ശക്തമായ വൈകാരിക ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായകരമാകുന്നു.
സന്തോഷിപ്പിക്കുന്നതു ചെയ്യാം
ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത് ഒരു കാര്യം തന്നെയാണ് – നിങ്ങളെ സന്തോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്താണോ അത് ചെയ്യുക!
എല്ലാ വ്യായാമവും ഒരുപോലെയല്ല, പക്ഷേ എല്ലാം പ്രയോജനകരമാണ്.
ചില കുട്ടികൾക്കു കൂട്ടുകാരോടൊത്ത് ഓടിക്കളിക്കുന്നതാവാം ഇഷ്ട വിനോദം. അല്ലെങ്കിൽ ഒരുമിച്ചു സൈക്കിൾ ചവിട്ടുന്നതോ, ഷട്ടിൽ കളിക്കുന്നതോ അതുമല്ലെങ്കിൽ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിക്കുന്നതോ ആവാം. ഇതിനൊക്കെ മാതാപിതാക്കൾ നല്ല രീതിയിൽ പ്രോത്സാഹനം നൽകേണ്ടതാണ്. (തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി