എന്തും ചെയ്യാൻ മടിക്കാത്തവർ ആയതുകൊണ്ടു പോലീസ് പോലും കാസർഗോഡ് അധോലോകവുമായി കൊന്പുകോർക്കാൻ മടിച്ചെന്നു പറയുന്പോൾ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഏറ്റുമുട്ടലുകളും മറ്റും അരങ്ങേറുന്പോൾ തടയാനോ എതിർക്കാനോ പോകാതെ ജീവനുംകൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടുകയാണ് പലപ്പോഴും നാട്ടുകാർ ചെയ്തിരുന്നത്.
ഇത്തരം ആക്രമണങ്ങളുടെയും ഭീഷണികളുടെയും ഇരയായി ജനങ്ങളും മാറുന്നുവെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നതിന് ഇടയിലാണ് പോലീസിന്റെ അസാധാരണമായ ഒരു നീക്കം ഉണ്ടായത്.
അധോലോക സംഘങ്ങളിലെ അംഗങ്ങളെല്ലാംതന്നെ കൊലപാതകം, മയക്കുമരുന്ന് കേസ്, പിടിച്ചുപറി, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളില്‍ വാറണ്ടുള്ള പിടികിട്ടാപ്പുള്ളികളായിരുന്നു.
ഇവരുടെ സങ്കേതങ്ങളിൽ കടന്നു അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പിടികിട്ടാപ്പുള്ളികൾ നാട്ടിൽ തേർവാഴ്ച നടത്തിയിട്ടും പോലീസും കണ്ടില്ലെന്നു നടിച്ചു.
ഇതിനിടയിലാണ് ഡിവൈഎ സ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടിനു ഭീഷണിയായി വേരുറപ്പിച്ച അധോലോക സംഘത്തെ തകർക്കാനുള്ള തീരുമാനമെടുത്തത്.
തയാറായി പോലീസ്
കണ്ണൂർ ഡിഐജി സേതുരാമനും കാസർഗോഡ് എസ്പി പി.ബി. രാജീവനും ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പൂർണ പിന്തുണയുമായി എത്തി. ഡിവൈഎസ്പിക്കു പുറമെ മഞ്ചേശ്വരം സിഐ അരുൺ ദാസ്, എസ്ഐമാരായ രാഘവൻ, ബാലകൃഷ്ണൻ, കുമ്പള സിഐ എം. അനിൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ നാരായണൻ, ബാലകൃഷണൻ എന്നിവരുടെ നേതൃത്വത്തിൽ എന്തിനും സജ്ജമായി പോലീസ് രംഗത്തിറങ്ങി. സംഘങ്ങളുടെ താവളങ്ങളും ഒളിയിടങ്ങളും സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചു.
നേർക്കുനേർ
അധോലോക സംഘം ക്യാമ്പ് ചെയ്യുന്ന ഒരു പ്രധാന താവളമായ വീടു സംബന്ധിച്ചു പോലീസിനു വിവരം ലഭിച്ചു. സാധാരണ പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് ഓപ്പറേഷനുകൾ കഴിഞ്ഞ് അധോലോക സംഘമെത്തുന്നത്. മിക്കവാറും രാവിലെ 11 വരെ ഇവർ കിടന്നുറക്കമായിരിക്കും.
പോലീസ് സംഘത്തിനു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ മാപ്പിലൂടെ വീടിരിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പോലീസ് പഠിച്ചു. എന്നിട്ടു എല്ലാ റോഡുകളും ഓരോ സിഐമാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്തു.
അധോലോക സംഘം തങ്ങിയ വീട്ടിലെത്തിയ പോലീസ് സംഘം മിനിറ്റുകൾക്കകം വീടു വളഞ്ഞു. അപകടം തിരിച്ചറിഞ്ഞ അക്രമികൾ സെക്കൻഡുകള്‍ക്കുള്ളിൽ ആക്രമണ സജ്ജരായി പോലീസിനെ നേരിട്ടു.
വീടിനുള്ളിൽനിന്നു വെടിയുണ്ടകൾ പുറത്തേക്കു ചീറിയെത്തി. എന്നാല്‍, പരിശീലനം ലഭിച്ചിട്ടുള്ള കമാൻഡോകൾ അധോലോകത്തെ സിനിമ സ്റ്റൈലില്‍ത്തന്നെ നേരിട്ടു.
തോക്കുമായി പോലീസിനെ നേരിട്ട അധോലോക സംഘത്തിലെ അംഗങ്ങളിൽ ചിലരെ മുട്ടിനു കീഴെ അടിച്ചു വീഴ്ത്തിയാണ് പോലീസ് കീഴ്പ്പെടുത്തിയത്.
വെടിവയ്പും പോലീസ് ഏറ്റുമുട്ടലും നടക്കുന്നതിനിടയിൽ ഒരു പോലീസ് ഓഫീസര്‍ ബോധംമറ്റു വീണു. മൂന്നു കൊലപാതകക്കേസുകളിൽ പ്രതിയായ ടയര്‍ ഫൈസല്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടി.
അപ്രതീക്ഷിത ആക്രമണം അധോലോകത്തെ ഞെട്ടിച്ചു.
(തുടരും).