ചങ്ങനാശേരി: ചങ്ങനാശേരിയിൽ വെള്ളക്കെട്ടിൽ കോട ഒളിപ്പിച്ച വാറ്റുകാർക്കു വേണ്ടി അന്വേഷണം ഉൗർജിതമാക്കി എക്സൈസ് സംഘം. കോട ഒളിപ്പിച്ചവരെക്കുറിച്ച് എക്സൈസ് സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.
ഇന്നലെ ചങ്ങനാശേരി പാടിഞ്ഞാറ് അറുനൂറിൽ പുതുവൽ ഭാഗത്ത് മേപ്രാൽ റോഡിനു പടിഞ്ഞാറ് തറയിൽമുക്ക് ജെട്ടിക്ക് സമീപം ആറ്റു പുറംപോക്കിൽ ഒളിപ്പിച്ചിരുന്ന 105 ലിറ്റർ കോടയാണ് ചങ്ങനാശേരി എക്സൈസ് പിടികൂടി നശിപ്പിച്ചത്.
വാറ്റു ചാരായം തയാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന കോട അധികൃതരുടെ കണ്ണുവെട്ടിക്കുന്നതിനായി കന്നാസുകളിലാക്കി കയർ കെട്ടി വെള്ളക്കെട്ടിലിട്ടിരിക്കുകയായിരുന്നു.
ലോക്ഡൗണിന്റെ മറവിൽ വാറ്റ് നടക്കുന്നതായി ചങ്ങനാശേരി എകസൈസിന് വിവരം ലഭിച്ചതിനെത്തുടർന്ന് മേഖലയിൽ പരിശോധന ശക്തമാക്കിരുന്നു.
കഴിഞ്ഞ ദിവസം കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അധികൃതർ ആദ്യം നടത്തിയ പരിശോധനയിൽ കോട കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നിട് വിശദമായി നടത്തിയ പരിശോധനയിലാണ് കന്നാസുകളിലാക്കി വെള്ളത്തിൽ ഒളിപ്പിച്ച നിലയിൽ കോട കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്ത് വെള്ളം പൊങ്ങിയിരുന്നു. എക്സൈസ് സംഘം ഒരു കിലോമീറ്ററിലേറെ ദൂരം സാഹസികമായി വെള്ളക്കെട്ടിലൂടെ നീന്തിയും വള്ളത്തിൽ സഞ്ചരിച്ചും നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.
ചങ്ങനാശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട പിടികൂടിയത്.