സ്വന്തംലേഖകന്‍
കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ മദ്യശാലകളും ഔട്ട്ലെറ്റുകളും തുറക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് കാത്ത് എക്സൈസ്.
സംസ്ഥാനത്തെ മദ്യവില്പന നാളെ പുന:രാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെയാണ് അറിയിച്ചത്.
അതേസമയം ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവുകള്‍ എക്സൈസിന് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ മദ്യശാലകളും ഔട്ട്ലെറ്റുകളും എക്സൈസ് ഇന്‍സ്പക്ടര്‍മാരുടെ നേതൃത്വത്തില്‍ തുറന്നു കൊടുക്കും.
സീല്ചെയ്തതില് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ മദ്യശാല പൂട്ടുമ്പോഴുള്ള കണക്കും നിലവിലുള്ള കണക്കും താരമത്യം ചെയ്യും.
വ്യത്യാസം കണ്ടാല്‍ നടപടി സ്വീകരിക്കാനും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചും മറ്റു കാര്യങ്ങളും ഇന്ന് യോഗം ചേര്‍ന്നാണ് തീരുമാനിക്കുന്നത്.
രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് മദ്യവില്പന. ബെവ്കോ വില്പന കേന്ദ്രങ്ങളിലും ബാറുകളിലും പാഴ്സല്‍ മാത്രം നല്‍കുമെന്നാണ് അറിയുന്നത്.
ലോക്ക്ഡൗണിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ബീവ്റേജസ് ഔട്ട്ലെറ്റുകളിലേയും വെയര്‍ ഹൗസുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ കണക്കുകള്‍ എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
തുടര്‍ന്നാണ് പൂട്ടിന് മുകളില്‍ അരക്ക് ഉപയോഗിച്ച് സീല്‍ ചെയ്തത്. അതത് സ്ഥലങ്ങളിലെ എക്സൈസ് ഇന്സ്പക്ടര്മാരാണ് ഇപ്രകാരം മദ്യശാലകള്‍ക്ക് പൂട്ടിട്ടത്.
ഇതേ ഇന്‍സ്പക്ടര്‍മാര്‍ തന്നെയാണ് ഇവ തുറക്കാനായി എത്തുക. നേരത്തെയും മദ്യശാലകള്‍ അടച്ചിടേണ്ടി വന്നതിന് ശേഷം തുറന്നപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടന്നിരുന്നു.
എന്നാല്‍ ഇത്തവണ കുറ്റമറ്റ രീതിയില്‍ പരിശോധന നടത്താനാണ് എക്സൈസ് തീരുമാനിച്ചത്.
നിലവില്‍ മദ്യശാലകള്‍ക്കും ഗോഡൗണുകള്‍ക്കും എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. രാത്രിയിലും പകലും ഈ മേഖലകളില്‍ പ്രത്യേകം ശ്രദ്ധിക്കാനും എക്സൈസ് ജോയിന്റ് കമ്മീഷണര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.