ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുമ്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊട്ടുപിന്നിലുള്ള മൂന്ന് എതിരാളികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണു മാരുതി. തങ്ങളുടെതന്നെ വിൽപ്പന റിക്കാർഡുകൾ തിരുത്തിക്കുറിച്ചാണ് ഈ കുതിപ്പ്.
രാജ്യത്തെ കാർ വിൽപ്പനയിൽ വില കൂടിയ കാറുകൾക്കാണു നിലവിൽ ഡിമാന്ഡ്. പത്തുലക്ഷത്തിനു താഴെ വിലയുള്ള കാറുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ ഇടിയുകയാണ്. അതേസമയം, യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപ്പനയിൽ വൻ കുതിപ്പും കാണുന്നു. അതായത് പത്തു ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിൽ ഓൺറോഡ് വില വരുന്ന കാറുകൾ വാങ്ങുന്നതിനാണ് രാജ്യത്തെ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ താത്പര്യം കാട്ടുന്നത്.
2024 ഫെബ്രുവരിയിൽ മാരുതി ആകെ 1,97,471 യൂണിറ്റുകൾ വിറ്റഴിച്ചാണ് പുതിയ റിക്കാർഡ് നേട്ടം കൈവരിച്ചത്. 2023 ഫെബ്രുവരിയിൽ വിറ്റ 1,72,321 വാഹനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വളർച്ച. കമ്പനിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന 1,68,544 ആണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 1,55,114 യൂണിറ്റുകളിൽനിന്ന് 9 ശതമാനം വളർച്ച.
കയറ്റുമതി, 2024 ഫെബ്രുവരിയിൽ 68 ശതമാനം വർധിച്ച് 28,927 യൂണിറ്റിലെത്തി, 2023 ഫെബ്രുവരിയിൽ 17,207 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. മാരുതി സുസുക്കിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന ഒന്പതു ശതമാനം വളർച്ചയോടെ 1,68,544 ആണ്. 2024 ഫെബ്രുവരിയിലെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 5,147 യൂണിറ്റ് മാരുതി സുസുക്കി മറ്റ് നിർമാതാക്കൾക്ക് വിറ്റതും ഉൾപ്പെടുന്നു.
മാരുതിയുടെ വില കുറഞ്ഞ കാറുകളായ എസ്-പ്രസോയും ആൾട്ടോയുടെയും വില്പനയിൽ ഫെബ്രുവരിയിൽ മുൻവർത്തെ അപേക്ഷിച്ച് 32 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ ആകെ 14,782 യൂണിറ്റുകളാണ് വിറ്റത്. സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ്, ബലേനോ, സെലേറിയോ, വാഗൺആർ തുടങ്ങിയ സബ്കോംപാക്റ്റ് കാറുകളുടെ വിൽപ്പനയിലും 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഈ സെഗ്മെന്റിൽ വിൽപ്പന 71,627 യൂണിറ്റായി. മാരുതിയുടെ ഏക കോംപാക്ട് സെഡാനായ സിയാസിന്റെ വിൽപ്പനയിലും വൻ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 481 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 39 ശതമാനം കുറവ്.
ബ്രെസ, ഏർട്ടിഗ, ഫോങ്ക്സ്, ഗ്രാന്റ് വിറ്റാറ, ഇൻവിക്ടോ, ജിംമ്നി, എക്സ് എൽ 6 എന്നിവ അടങ്ങുന്ന യൂട്ടിലിറ്റി വിഭാഗത്തിലാണ് മാരുതി വൻ നേട്ടം കൊയ്തത്. ഈ വിഭാഗത്തിലെ വാഹനങ്ങൾക്ക് ഭൂരിഭാഗത്തിനു പത്തു ലക്ഷത്തിനു മേലെയാണ് വില. 2023 ഫെബ്രുവരിയിൽ ഈ വിഭാഗത്തിലെ വിൽപ്പന 33,500 യൂണിറ്റുകളായിരുന്നു. എന്നാൽ ഈ ഫെബ്രുവരിയിൽ അത് 61,234 യൂണിറ്റുകളായി ഉയർന്നു. അതായത് 83 ശതമാനം വർധന.
മാരുതിയുടെ ഏക വാനായ ഇക്കോയുടെ വിൽപ്പന പോലും ഏഴു ശതമാനം വർധിച്ച് 12,147 യൂണിറ്റിലെത്തി. ചെറുകിട കച്ചവടക്കാരും മറ്റു മൾട്ടിപർപ്പസ് ഉപയോഗമുള്ളവരും ഈ കാറിൽ ഇപ്പോഴും താത്പര്യം കാട്ടുന്നു. വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ, മാരുതി സുസുക്കിയുടെ ഏക ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (എൽസിവി) – സൂപ്പർ കാരി – വിൽപന 2024 ഫെബ്രുവരിയിൽ ആറു ശതമാനം ഇടിഞ്ഞ് 3,126 യൂണിറ്റായി.
ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് 2024 ഫെബ്രുവരി മാസത്തിലെ ആഭ്യന്തരവിൽപ്പനയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയെ പിന്തള്ളി രാജ്യത്ത് രണ്ടാമത്തെ വലിയ കാർ നിർമാതാക്കൾ എന്ന സ്ഥാനം നേടി. ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ, ടാറ്റ മോട്ടോഴ്സ് 2024 ഫെബ്രുവരിയിൽ 51,267 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 42,862 യൂണിറ്റുകളിൽ നിന്ന് 20 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.
എന്നാൽ 2024 ജനുവരിയിൽ 55,633 വാഹനങ്ങൾ വിറ്റഴിച്ച ടാറ്റാ മന്ത് ടു മന്ത് വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. ബ്രാൻഡിന്റെ കയറ്റുമതി 2023 ഫെബ്രുവരിയിലെ 278 യൂണിറ്റിൽ നിന്ന് 2024 ഫെബ്രുവരിയിൽ 81 ശതമാനം കുറഞ്ഞ് 54 യൂണിറ്റായി. എന്നാൽ രാജ്യത്തിനുള്ളിൽ ഏറ്റവുമധികം കാറുകൾ വിറ്റഴിക്കുന്ന രണ്ടാമത്തെ കന്പനിയായി ഹ്യുണ്ടായിയെ കടത്തിവെട്ടി എന്നത് ശ്രദ്ധേയമാണ്. ഹ്യുണ്ടായിയേക്കാൾ ആയിരത്തിലധികം യൂണിറ്റുകൾ രാജ്യത്തിനുള്ളിൽ വിറ്റഴിച്ചാണ് ടാറ്റാ കരുത്ത് കാട്ടിയത്.
ഹ്യുണ്ടായ് ആഭ്യന്തര വിപണയിൽ 50,201 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. എന്നാൽ കയറ്റുമതിയിൽ അവർക്ക് ടാറ്റായേക്കാൾ വൻ നേട്ടം കൊയ്യാനായി. 2024 ഫെബ്രുവരിയിൽ 60,501 യൂണിറ്റ് (ആഭ്യന്തരവിൽപ്പനയും കയറ്റുമതിയും ചേർത്ത്) മൊത്തം വിൽപ്പന ഹ്യുണ്ടായ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 57,581 യൂണിറ്റായിരുന്നു. 2023 ഫെബ്രുവരിയിലെ 47,001 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായ് കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 50,201 യൂണിറ്റുകൾ വിറ്റ് 6.8 ശതമാനം വളർച്ച നേടി. ഹ്യൂണ്ടായ് 10,300 യൂണിറ്റുകളുടെ കയറ്റുമതി വിൽപ്പനയും നേടി.
2024 ഫെബ്രുവരി മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൊത്തം 72,923 വാഹനങ്ങൾ(കയറ്റുമതി ഉൾപ്പെടെ) വിറ്റഴിച്ചു. ഇത് വർഷം തോറും 24 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ, മഹീന്ദ്ര ആഭ്യന്തര വിപണിയിൽ 2024 ഫെബ്രുവരിയിൽ 42,401 വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 30,358 യൂണിറ്റുകളായിരുന്നു വിറ്റത്. 40 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഫെബ്രുവരിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യയിലുടനീളം 30,358 എസ്യുവികൾ വിറ്റു. എസ്യുവികളുടെ വിൽപ്പനയിൽ അസാധാരണ നേട്ടമാണ് മഹീന്ദ്ര കൈവരിച്ചത്. മഹീന്ദ്രയുടെ പുതുതലമുറ എസ്യുവികൾക്കെല്ലാം വിപണിയിൽ വൻ ഡിമാന്ഡാണുള്ളത്. അവരുടെ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 22,825 ആണ്. കഴിഞ്ഞ മാസം അവർ ഥാർ എർത്ത്, സ്കോർപിയോ N Z8S വേരിയന്റ് എന്നിവ പുറത്തിറക്കി. ഉടനെ എസ്യുവി 300ന്റെ പുതിയ പതിപ്പും വിപണിയിൽ എത്തും.
വിൽപ്പനയിൽ വൻ നേട്ടമുണ്ടാക്കിയ മറ്റൊരു നിർമാതാക്കൾ ടൊയേട്ടയാണ്. 2024 ഫെബ്രുവരി മാസത്തിൽ ടൊയോട്ട 25,220 യൂണിറ്റുകൾ വിറ്റഴിടച്ചു. 2023 ഫെബ്രുവരിയിൽ 15,685 യൂണിറ്റുകളാണ് വിറ്റത്. 61 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര വിൽപ്പന 23,300 യൂണിറ്റ് ആയിരുന്നപ്പോൾ കമ്പനിയുടെ കയറ്റുമതി 1,920 യൂണിറ്റായി. 2024 ജനുവരിയിൽ കമ്പനി ആഭ്യന്തര വിപണിയിൽ 24,609 യൂണിറ്റുകൾ വിറ്റഴിച്ച് റിക്കാർഡ് ഇട്ടിരുന്നു. പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ് എന്നിവയ്ക്ക് വൻ ഡിമാന്ഡാണുള്ളത്. ഹൈക്രോസ് ബുക്കു ചെയ്താൽ ഒരു വർഷത്തെ കാത്തിരിപ്പിനുശേഷമേ വാഹനം ലഭിക്കൂ എന്ന നിലയിലാണ്.
എംജി മോട്ടോർ ഇന്ത്യ 2024 ഫെബ്രുവരിയിൽ 4,532 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 3,825 യൂണിറ്റുകളിൽനിന്ന് 18 ശതമാനം വിൽപ്പന വളർച്ച റിപ്പോർട്ട് ചെയ്തു. 2024 ഫെബ്രുവരിയിൽ വിറ്റഴിച്ച മൊത്തം യൂണിറ്റുകളുടെ ഏകദേശം 33 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. ആഗോള ഷിപ്പിംഗിലെ തടസങ്ങൾ കാരണമാണ് വിൽപ്പനയിൽ അല്പം മാന്ദ്യമുണ്ടായതെന്ന് കന്പനി വൃത്തങ്ങൾ പറയുന്നു.
ഹോണ്ട കാർസ് ഇന്ത്യ 2024 ഫെബ്രുവരിയിൽ 7,142 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചു. 17 ശതമാനം വളർച്ചയാണ് ഹോണ്ട വിൽപ്പനയിൽ നേടിയത്. ഇതിനൊപ്പം കന്പനി കഴിഞ്ഞ മാസം കയറ്റുമതിയിൽ വൻ നേട്ടമാണ് കരസ്ഥമാക്കിയത്. 5,936യൂണിറ്റുകൾ കയറ്റുമതി ചെയ്തു. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കയറ്റുമതിയാണിത്.
എസ്. റൊമേഷ്