കൊട്ടാരക്കര: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്്ഡില്‍ ആരോഗ്യവിഭാഗം കണ്ടെത്തിയത് പഴകിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും വന്‍ശേഖരം. ഒറ്റ ഹോട്ടലിന്റെ ഫ്രീസറില്‍ നിന്നു കണ്ടെടുത്തത് 12000 രൂപ വില വരുന്ന പഴകിയ കരിമീന്‍ ! അതും പൊരിച്ച് സൂക്ഷിച്ച നിലയില്‍. 14 ഹോട്ടലുകള്‍ ഉള്‍പ്പെടെ 26 സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
വറുത്തു സൂക്ഷിച്ച പഴകിയ ഇറച്ചിയും പിടിച്ചെടുത്തു. വില്‍ക്കാതെ വരുന്ന ഗ്രില്‍ഡ് ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം പിന്നീട് ചൂടാക്കി വില്‍ക്കുന്നതായി കണ്ടെത്തി. പഴകിയ എണ്ണ വന്‍തോതില്‍ കണ്ടെത്തി. ബാര്‍ ഹോട്ടലില്‍ നിന്നും ഒരു മാസം വരെ പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു. സഹകരണമേഖലയിലെ വിദ്യാലയപരിസരത്ത് നിന്നും വ്യാപകമായ മാലിന്യം പിടിച്ചെടുത്തു. മാസങ്ങളായി കെട്ടിക്കിടന്ന ചോറുപൊതികള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
മാലിന്യം നീക്കാന്‍ ഇവിടെ സംവിധാനമില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് പഴകിയ പച്ചക്കറി അവശിഷ്ടങ്ങള്‍ വന്‍തോതില്‍ കണ്ടെത്തി. നാല് കടകളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി. ക്ലിനിക്കല്‍ ലാബില്‍ മാലിന്യം അനധികൃതമായി കത്തിക്കുന്നതായി കണ്ടെത്തി. മെഡിക്കല്‍ സ്റ്റോറിനും കടകള്‍ക്കും മുന്നില്‍ വന്‍തോതില്‍ മാലിന്യം സൂക്ഷിക്കുന്നതായും കണ്ടെത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എസ്.പ്രമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.സുജി, ദീപ്തിരാജ്, ലിജിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.