ഫാഷന് ഷോയുടെ പേരില് യുവതികളെ വ്യാപകമായി ചൂഷണത്തിനും തട്ടിപ്പിനും ഇരയാക്കുന്ന മോഡലിംഗ് കമ്പനികള് വ്യാപകമാവുന്നു.
പണം വാങ്ങിയ ശേഷം റാംപില്നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകള് പരാതി നല്കിയിരിക്കുകയാണ്.
ഇതിനിടെ മോഡലായ ട്രാന്സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച കൊച്ചിയില് നടന്ന എമിറേറ്റ്സ് ഫാഷന് വീക്കിനെതിരെ ഉയര്ന്ന പരാതികള് മോഡലിംഗ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.
ലിസാറോ, എമിറേറ്റ്സ് മോഡലിംഗ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്ക്ക് മുന്പേ പരസ്യം നല്കി.
സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്ന്നവരും ഉള്പ്പെടെ നൂറുകണക്കിന് മോഡലുകള് പണം നല്കി റജിസ്റ്റര് ചെയ്തു. എന്നാല് ഭൂരിഭാഗം പേര്ക്കും റാംപില് അവസരം നല്കിയില്ല.
ലിസാറോ കമ്പനി സ്ഥാപകന് ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്സ് വുമണ് മോഡലിനെയാണ് ജെനില് പരസ്യമായി അധിക്ഷേപിച്ചത്.
തുടര്ന്ന് മോഡലിന്റെ പരാതിയില് ജെനിലിനെ സെന്ട്രല് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടു. ഇത്തരത്തിലുള്ള പല കമ്പനികളും മോഡലിംഗിനായി എത്തുന്ന പെണ്കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി ഉയര്ന്നിട്ടും നടപടികള് ഉണ്ടാകാറില്ല.