അഗളി: മുക്കാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. മുക്കാലി കൊള്ളിപ്പറന്പിൽ ഹംസയുടെ മകൻ അബ്ബാസിന്റെ വീട്ടിലായിരുന്നു സ്ഫോടനം.ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീടിന്റെ അടുക്കളയിലായിരുന്നു സിലിണ്ടർ സൂക്ഷിച്ചിരുന്നത്. വീടിന്റെ അടുക്കള നിശേഷം തകർന്നു.
രാത്രി സമയമായിരുന്നതിനാൽ ആളപായമുണ്ടായില്ല. സിലിണ്ടർ പൂർണമായും പൊട്ടിത്തകർന്നതിനെ തുടർന്ന് കിലോമീറ്ററുകൾ ദൂരേയ്ക്ക് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പകുതിയിലധികം ഉപയോഗിച്ച ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
അപൂർവമായേ ഇത്തരം സംഭവമുണ്ടാകൂവെന്ന് അഗളി മാതാ ഇന്േറൻ പ്രൊപ്രൈറ്റർ ബെന്നി മാത്യു പറഞ്ഞു.കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.