ആകാശ കൗതുകവുമായി സ്‌പേസ് എക്‌സ്‌പോ

ekm-kusatകൊച്ചി: ബഹിരാകാശവും അവിടുത്തെ മായക്കാഴ്ച്ചകളും ഒരിക്കല്‍ സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. പിന്നീട് മനുഷ്യന്‍ അവിടെ എത്തി. അവിടുത്തെ വിശേഷങ്ങളും കാഴ്ച്ചകളും നമുക്ക് പറഞ്ഞുതന്നു. ഇന്ന് വിനോദയാത്രയ്ക്കായി പോലും ബഹിരാകാശത്തേക്ക് പോകാനാവുന്നവിധം സാങ്കേതികവിദ്യ വികസിച്ചു കഴിഞ്ഞു. മനുഷ്യന്റെ ഈ നേട്ടത്തിന് പിന്നിലെ കഥയും ബഹിരാകാശയാത്ര എങ്ങനെ സാധ്യമാക്കി എന്നതും അതിനു പിന്നിലെ കഷ്ടപ്പാടുകളും വിശദമാക്കുന്നതാണ് എറണാകുളം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്‌പേസ് എക്‌സ്‌പോ.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐഎസ്ആര്‍ഒയും വിക്രം സാരാഭായ് സ്‌പേസ് സെന്ററും സംയുക്തമായാണ് സ്‌പേസ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ബഹിരാകാശയാത്രകളെയും അതിന് പിന്നിലെ കാര്യങ്ങളെയും അടുത്തറിയാന്‍ സ്‌പേസ് എക്‌സ്‌പോ മികച്ച അവസരമൊരുക്കുന്നു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പ്രദര്‍ശനം എല്ലാ പ്രായത്തിലുള്ളവര്‍ക്കും സഹായകരമാണ്. പ്രദര്‍ശനത്തിനെത്തിയവരെല്ലാം ഒട്ടേറെ പുതിയ അറിവുകള്‍ നേടിയ സംതൃപ്തിയിലാണ് മടങ്ങുന്നത്.

ബഹിരാകാശ വിക്ഷേപണചരിത്രം മുതല്‍

1963 നവംബര്‍ 21ന് തുമ്പയില്‍ ആരംഭിച്ച ഐഎസ്ആര്‍ഒയുടെ ബഹിരാകാശവിക്ഷേപണചരിത്രം വിശദീകരിക്കുന്ന ദൃശ്യങ്ങള്‍, മാതൃകകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നു. ബഹിരാകാശ വിക്ഷേപണ ചരിത്രം വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടൂന്നു. കൂടാതെ ഒട്ടേറെ ബഹിരാകാശ യാത്രകള്‍ നടത്തിയ വിക്ഷേപണവാഹനങ്ങളുടെ മാതൃകകള്‍ പ്രദര്‍ശനത്തിനുണ്ട്്. അണിയറയില്‍ പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യം, ഗതാഗതം, കൃഷി, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഐഎസ്ആര്‍ഒയുടെ സഹായത്തോടെ രാജ്യം നേടിയ പുരോഗതി എക്‌സ്‌പോ വിശദീകരിക്കുന്നു. ഈ മേഖലകളില്‍ സാധാരണക്കാരനുള്ള പരിമിതമായ അറിവുകളിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഒട്ടേറെ വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്്.
എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി തുടങ്ങിയ വിക്ഷേപണവാഹനങ്ങളുടെ മാതൃകകള്‍ കാണികളെ ഏറെ ആകര്‍ഷിക്കുന്നു. ഐഎസ്ആര്‍ഒയുടെ ചാന്ദ്രപര്യവേക്ഷണം ചാന്ദ്രയാന്‍, ചൊവ്വ പര്യവേക്ഷണം മംഗള്‍യാന്‍ എന്നിവ മാതൃകകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്. പുതിയ ദൗത്യങ്ങളായ ആദിത്യ, ചാന്ദ്രയാന്‍ 2 എന്നിവയുടെ പുതിയ വിവരങ്ങളുംപ്രദര്‍ശനത്തില്‍നിന്നു ലഭിക്കും.

ശ്രദ്ധേയമായി സിസാറ്റ്

പൂനെ കോളജ് ഓഫ് എന്‍ജിനീയറിംഗ് നിര്‍മിച്ച ഭാരം കുറഞ്ഞ ഉപഗ്രഹമാണ് സിസാറ്റ്. കോളജില്‍ പ്രവര്‍ത്തിക്കുന്ന സിസാറ്റ് ക്ലബാണ് ഇതിന്റെ അണിയറ ശില്‍പികള്‍. കോളജിലെ തന്നെ വിദ്യാര്‍ഥികളായ 200ഓളം പേരുടെ പ്രയത്‌നമാണിത്. ഒരു കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുകയായിരുന്നു ആദ്യം നേരിട്ട വെല്ലുവിളിയെന്ന് ഇവര്‍ പറയുന്നു. 900 ഗ്രാമായി ഭാരം കുറച്ചതോടെ പ്രയാസകരമായ ഒരു ഘട്ടം പിന്നിട്ടു. ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ് എല്‍വി റോക്കറ്റുപയോഗിച്ചായിരുന്നു ഇതിന്റെ വിക്ഷേപണം. ഐഎസ്ആര്‍ഒയാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കിയത്. ആശയവിനിമയത്തിനുള്ള ഉപാധിയായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹം 437.025 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലുള്ള റേഡിയോ തരംഗങ്ങളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്.

ബംഗളൂരു പെസ് യൂണിവേഴ്‌സിറ്റി (പീപ്പിള്‍സ് എജ്യൂക്കേഷന്‍ സൊസൈറ്റി) നിര്‍മിച്ച പിസാറ്റ് അഞ്ച് കിലോഗ്രാം ഭാരമുള്ള ലഘു ഉപഗ്രഹമാണ്. 91 പിക്‌സല്‍ ശേഷിയുള്ള കാമറ ഘടിപ്പിച്ചിട്ടുള്ള ഈ ഉപഗ്രഹം ഭൂമിയുടെ ചിത്രങ്ങളെടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിനായുള്ള സോളാര്‍ സെല്ലുകളും ബാറ്ററിയും മറ്റു സാങ്കേതിക സഹായങ്ങളും നല്‍കിയത് ഐഎസ്ആര്‍ഒയായിരുന്നു. കഴിഞ്ഞ മാസം 26നു ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം. പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചത്. ഇതും ഐഎസ്ആര്‍ഒ സൗജന്യമായി ചെയ്തു കൊടുക്കുകയായിരുന്നു. തങ്ങളുടെ സംരംഭം വിദ്യാര്‍ഥികള്‍ക്കു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണിവര്‍.

അന്താരാഷ്ട്ര ബഹിരാകാശ വാരാചരണം

അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചാണ് സ്‌പേസ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലു മുതല്‍ പത്ത് വരെയാണ് ബഹിരാകാശ വാരാചരണം നടത്തുന്നത്. ബഹിരാകാശശാസ്ത്രം ജനജീവിതത്തെ മെച്ചപ്പെടുത്തുന്നത് എങ്ങനൊക്കൊ എന്നതിനെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതു സമൂഹത്തിനാകെത്തന്നെയും അവബോധമുണ്ടാക്കുക എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് 1999 ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ലോക ബഹിരാകാശവാരം ആചരിക്കണമെന്ന് നിശ്ചയിച്ചത്.

ഉപഗ്രഹങ്ങളെ സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിക്കാനും വിശദീകരണങ്ങള്‍ നല്‍കാനും ഇൗ സ്റ്റാളുകളില്‍ വിദ്യാര്‍ഥികളുണ്ട്.  പ്രദര്‍ശനത്തില്‍ എത്തുന്നവരുടെ സംശയങ്ങള്‍ക്ക് ദുരീകരണവുമായി ഐഎസ്ആര്‍ഒയുടെ 120 ജീവനക്കാര്‍ സദാസമയവുമുണ്ട്. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. എക്‌സ്‌പോ പത്തിനു സമാപിക്കും.

Related posts