വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഭ്യന്തരകർഷകർക്ക് പുതിയ ഭീഷണിയുമായി ബ്രസീലിയൻ കുരുമുളകിന്റെ വരവ്. വരണ്ട കാലാവസ്ഥ ഏലച്ചെടികളെ ബാധിച്ചു. വിളവെടുപ്പ് അവസാന റൗണ്ടിലെത്തിയിട്ടും കാപ്പിക്ക് കടുപ്പമില്ല. മഞ്ഞുവീഴ്ച്ച തേയില ഉത്പാദനം കുറച്ചു. ടോക്കോമിൽ റബറിന് 160 യെന്നിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. വെളിച്ചെണ്ണ വില മൂന്നാം വാരവും സ്റ്റെഡി. പവനു തിളക്കമേറി.
കുരുമുളക്
വിയറ്റ്നാം, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കുരുമുളകിറക്കുമതി ഉയർത്തിയ ഭീഷണികൾക്കിടെ ബ്രസീലിയൻ ചരക്ക് കേരളത്തിലെ ഉത്പാദകരുടെ ഉറക്കം നഷ്ടപ്പെടുത്തും. ബ്രസീലിൽ ഡിസംബറിൽ താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കിയത് ന്യൂയോർക്ക് – യൂറോപ്യൻ ബയറർമാരെ ആകർഷിച്ചില്ല, എന്നാൽ, ഇന്ത്യൻ വ്യവസായികളെ കോരിത്തരിപ്പിച്ചു. ടണ്ണിന് 3,000-3,500 ഡോളർ വരെ താഴ്ത്തി അവർ ഗുണമേന്മ കുറഞ്ഞ കുരുമുളക് വാഗ്ദാനം ചെയ്തു.
ആഗോള മാർക്കറ്റിൽ മലബാർ മുളകുവില ടണ്ണിന് 6,500-6,750 ഡോളറാണ്. ആഭ്യന്തര മാർക്കറ്റിൽ ഉയർന്ന ലാഭത്തിൽ അവർ വിദേശ ചരക്ക് വിറ്റഴിക്കുകയാണ്. ദക്ഷിണേന്ത്യയിൽ വിളവെടുപ്പു പുരോഗമിക്കുന്നു. ചെറുകിട തോട്ടങ്ങളിൽനിന്നുള്ള മുളകുപ്രവാഹം നിലച്ചശേഷം വില്പനയിലേക്കു തിരിയാനുള്ള നീക്കത്തിലാണ് കൂർഗിലെ തോട്ടക്കാർ. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളകുവില ക്വിന്റലിന് 38,600 രൂപയാണ്. വിലയിടിവിനിടെ ചില കയറ്റുമതിക്കാർ മുളക് സംഭരിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഈസ്റ്റർ ഡിമാൻഡ് പ്രതീക്ഷിക്കാം.
ഏലം
ഏലം സീസണ് അവസാനഘട്ടത്തിലാണ്. വരൾച്ച കണക്കിലെടുത്താൽ മാസാവസാനതോടെ വിളവെടുപ്പ് മന്ദഗതിയിലാവും. നടപ്പു സീസണിൽ ഏകദേശം 18,000 ടണ് ഏലക്ക ലേലത്തിനെത്തിയതിൽ 17,000 ടണ് ചരക്ക് വിറ്റു.
ഉത്സാവകാല ഡിമാൻഡ് ആകർഷകമായ വിലയ്ക്ക് അവസരമൊരുക്കും. യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ഓർഡറുകൾ പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിൽനിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. വണ്ടന്മേട്ടിൽ വാരാന്ത്യം ഏലക്ക കിലോ 1310 രൂപ.
മഞ്ഞൾ
തമിഴ്നാട്ടിൽ പുതിയ മഞ്ഞളിന്റെ വിളവെടുപ്പ് വ്യാപകമായി. ഈറോഡ്-സേലം വിപണികളിൽ പുതിയ ചരക്ക് കൂടുതലായി വില്പനയ്ക്കിറങ്ങിയത് വിലയിൽ ചാഞ്ചാട്ടമുണ്ടാക്കി. അതേസമയം പഴയ മഞ്ഞളിന് ആവശ്യക്കാരുണ്ട്. ഒൗഷധവ്യവസായികളും പൗഡർ യൂണിറ്റുകളും മഞ്ഞളിൽ താത്പര്യം കാണിച്ചു. കൊച്ചിയിൽ നാടൻ മഞ്ഞൾ 11,500 രൂപയിലും ഈറോഡ്-സേലം മഞ്ഞൾ 8,500-9,000 രൂപയിലുമാണ്.
തേയില
ഡിസംബർ-ജനുവരിയിലെ കൊടും തണുപ്പ് തേയിലത്തോട്ടങ്ങളെ പിടിച്ചുലച്ചു. പ്രതികൂല കാലാവസ്ഥയിൽ കൊളുന്തിനു നേരിട്ട നാശം, ജനുവരിയിൽ ഉത്പാദനം പത്തു ശതമാനം കുറയാനിടയാക്കി. താഴ്ന്ന താപനില മൂലം ഏകദേശം 280 ഹെക്ടർ തേയിലത്തോട്ടത്തിലെ കൊളുന്തുനുള്ളിനെ ബാധിച്ചു. ഇടുക്കിയെ അപേക്ഷിച്ച് ഉൗട്ടിയിലെ തോട്ടങ്ങൾക്ക് തണുപ്പ് കനത്ത തിരിച്ചടിയായി.
റബർ
ഏഷ്യൻ റബർ മാർക്കറ്റുകൾ തളർച്ചയിൽ. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് വ്യവസായികൾ വിപണിയിൽനിന്ന് അകന്നത് ടോക്കോമിൽ റബറിനു തിരിച്ചടിയായി. 171 യെന്നിൽ നീങ്ങുന്ന റബറിന് സാങ്കേതികമായി 160 യെന്നിൽ താങ്ങുണ്ട്. കേരളത്തിൽ നാലാം ഗ്രേഡ് റബർ 12,300 രൂപയിലും അഞ്ചാം ഗ്രേഡ് 12,100 രൂപയിലുമാണ്.
കാപ്പി
കാപ്പിക്കർഷകർ വിലത്തകർച്ചയിൽ. സീസൺ ആയതിനാൽ കാപ്പിലഭ്യത വർധിച്ചതോടെ ഉത്പന്നവില മുൻ വർഷത്തെക്കാൾ 20 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ 3,700 രൂപ ലഭിച്ച റോബസ്റ്റയുടെ നിരക്ക് ഇപ്പോൾ 3,000 മാത്രമാണ്. വിലയിടിവ് ചെറുകിട കർഷകരെ സാന്പത്തികമായി തളർത്തി. വയനാട്, കൂർഗ് മേഖലയിൽ കാപ്പി വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. ഉത്പാദനം 30 ശതമാനം കുറഞ്ഞിട്ടും കാപ്പിവില താഴ്ന്നത് കർഷകർക്കു തിരിച്ചടിയായി.
വെളിച്ചെണ്ണ
നാളികേരോത്പന്നങ്ങളുടെ വില മൂന്നാം വാരത്തിലും മാറ്റമില്ലാതെ തുടരുന്നു. എണ്ണയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞത് വിലക്കയറ്റത്തിനു തടസമായി. മില്ലുകാർ വെളിച്ചെണ്ണനീക്കം നിയന്ത്രിച്ചത് വിപണിക്കു താങ്ങ് പകർന്നു.
വിളവെടുപ്പ് പുരോഗമിച്ചെങ്കിലും പച്ചത്തേങ്ങ, കൊപ്ര വരവ് ശക്തമല്ല. വെളിച്ചെണ്ണ 19,000 രുപയിലും കൊപ്ര 12,780ലും നിലകൊണ്ടു. ജനുവരിയിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി 25 ശതമാനം വർധിച്ചു. ഭക്ഷ്യയെണ്ണ കയറ്റുമതി ഡ്യൂട്ടിയിൽ മലേഷ്യ വരുത്തിയ ഇളവുകൾ ഇറക്കുമതി ഉയരാൻ കാരണമായി.
സ്വർണം
ആഭരണ വിപണികളിൽ പവന്റെ വില 22,240 രൂപയിൽനിന്ന് 22,680 രൂപയായി. ഒരു ഗ്രാമിന്റെ വില 2835 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1310 ഡോളറിൽനിന്ന് 1367 ഡോളർ വരെ ഉയർന്നു. വാരാന്ത്യം സ്വർണം 1347 ഡോളറിലാണ്.