ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യകമ്മി ഡിസംബറിൽ 41 ശതമാനം വർധിച്ചു. തലേ ഡിസംബറിൽ 1,055 കോടി ഡോളറായിരുന്ന കമ്മി ഈ ഡിസംബറിൽ 1,488 കോടി ഡോളറായി.
ഡിസംബറിലെ കയറ്റുമതിയിൽ 12.36 ശതമാനം വളർച്ചയുണ്ട്. 2,406 കോടി ഡോളറിന്റെ സ്ഥാനത്ത് 2,703 കോടി ഡോളർ. ഇറക്കുമതിയാകട്ടെ 21.12 ശതമാനം വളർന്നു. 3,460 കോടിയിൽനിന്ന് 4,191 കോടി ഡോളറിലേക്ക്.
ക്രൂഡ് ഓയിലും പെട്രോളിയം ഉത്പന്നങ്ങളുമാണ് ഏറ്റവുമധികം വർധന കാണിച്ച ഇറക്കുമതി ഇനം. 34.94 ശതമാനം വർധന. 1035 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈയിനത്തിൽ ഉള്ളത്. സ്വർണ ഇറക്കുമതി 71.52 ശതമാനം വർധിച്ചെങ്കിലും ആകെ 339 കോടി ഡോളറിന്റേതു മാത്രമേ ഉള്ളൂ. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിലും 25.15 ശതമാനം വർധനയുണ്ട്.