ശനിയാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ മുന്നേറ്റം അത്ര സുഗമമാകില്ല. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വിന്‍ഡീസ് പത്തൊമ്പതുകാരന് ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫിനെ ഉള്‍പ്പെടുത്തി. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിന്‍ഡീസിനെ കിരീടത്തിലെത്തിച്ചതില്‍ ഈ ആറരയടി ഉയരക്കാരന് വലിയ പങ്കുണ്ടായിരുന്നു.
അസാമാന്യ വേഗത്തില്‍ പന്ത് സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള ജോസഫിനെ പലരും താരതമ്യം ചെയ്യുന്നത് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നീസ് ലില്ലിയോടാണ്. സ്ഥിരമായി 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ജോസഫിന് ചത്ത പിച്ചില്‍ പോലും മികച്ച ബൗണ്‍സ് കണ്ടെത്താനാകും. അണ്ടര്‍ 19 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ഒന്നാമനായിരുന്നു ജോസഫ്. രണ്ടാം ടെസ്റ്റില്‍ ബൗളിംഗ് നിരയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ഫാസ്റ്റ് ബൗളറായ മുഗുള്‍ കമ്മിന്‍സും ടീമിലെത്തിയേക്കും.