ആഗ്ര: എക്സ്പ്രസ് ഹൈവേയിൽ കിടന്ന അജ്ഞാത മൃതദേഹം നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞു. റോഡിലെ ടാറിൽ പറ്റിപ്പിടിച്ചനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ.
ഒടുവില്‍ പോലീസ് സംഘമെത്തി ഷവൽ ഉപയോഗിച്ചാണ് ഇതു നീക്കം ചെയ്തത്. എക്സ്പ്രസ് ഹൈവേയിൽ 500 മീറ്ററോളം ദൂരത്തിൽ പല സ്ഥലത്തുനിന്നാണു മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയത്. ഇതില്‍തന്നെ ഒരു വിരൽ മാത്രമാണ് ചതഞ്ഞരയാത്ത നിലയില്‍ കണ്ടെത്താനായത്.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണു സംഭവം. ആരാണ് മരിച്ചതെന്നും എങ്ങനെയാണ് മരിച്ചതെന്നും റോഡിന് നടുവില്‍ മൃതദേഹം എങ്ങനെ എത്തിയെന്നും അറിവായിട്ടില്ല.
വിരലടയാളത്തിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ മരിച്ചയാളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഏതാണ്ട് 40 വയസുള്ള ആളാണ് മരണപ്പെട്ടതെന്നാണ് അനുമാനം. എക്സ്പ്രസ് ഹൈവേയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്.