കർണാടകയിൽ വിവാഹത്തട്ടിപ്പിനിരയായ യുവാവിനു നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ! മാണ്ഡ്യ താലൂക്കിലെ എം.ബി. ശശികാന്താണ് തട്ടിപ്പിനിരയായത്. മുൻ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹിതയായ മദ്ദൂർ താലൂക്ക് കെസ്തൂർ ഗ്രാമത്തിലെ പുട്ട സ്വാമിയുടെയും ഷീലയുടെയും മകൾ കെ.പി. വൈഷ്ണവിയാണ് യുവാവിനെ കബളിപ്പിച്ചു പണവുമായി മുങ്ങിയത്. സംഭവത്തിൽ ശശികാന്ത് പോലീസിൽ പരാതി നൽകി.
മാർച്ച് 24നാണ് ഇരുവരും വിവാഹിതരായത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ വിവരിച്ച് സ്വർണമായും പണമായും വിവാഹത്തിനു മുൻപ് വൈഷ്ണവി 15 ലക്ഷത്തിലേറെ ശശികാന്തിൽനിന്നു വാങ്ങിയിരുന്നു.
കഴിഞ്ഞദിവസം ഇരുവരും ക്ഷേത്രത്തിൽ പോകുമ്പോൾ ശശികാന്ത് കാർ നിർത്തി വെള്ളം വാങ്ങാനിറങ്ങി. ഈ സമയത്ത് വൈഷ്ണവി കാറിൽനിന്നിറങ്ങി മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി നേരത്തെ ബംഗളൂരു സ്വദേശിയുമായി വിവാഹം കഴിച്ചിരുന്നതായി അറിഞ്ഞതെന്ന് ശശികാന്ത് പോലീസിനോട് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരും ചതിക്കു കൂട്ടുനിന്നതായും ശശികാന്ത് പരാതിയിൽ പറയുന്നു.