തിരുവല്ല: വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താൻ, മകളുടെ കഴുത്തിൽ വടിവാൾ വച്ച് വീഡിയോ കോൾ ചെയ്ത യുവാവ് അറസ്റ്റിൽ. തിരുവല്ല ഓതറ സ്വദേശി ജിൻസൺ ബിജുവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഴ്ച ജിൻസൺ ബിജു ഭാര്യയെ വിളിച്ചു 40000രൂപ ആവശ്യപ്പെട്ടിരുന്നു. കൊടുക്കാതിരുന്നപ്പോൾ അസഭ്യ ശബ്ദ സന്ദേശം അയക്കുകയും ചെയ്തു. തുടർന്ന് വ്യാഴാഴ്ച രാത്രി 11 മണിയോടെ വീഡിയോ കോൾ ചെയ്തശേഷം നാലരവയസുകാരിയുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇമെയിൽ വഴിയാണ് തിരുവല്ല പോലീസിന് വിദേശത്ത് ജോലി നഴ്സായി ജോലി ചെയ്യുന്ന ഭാര്യയിൽ നിന്നും പരാതി ലഭിക്കുന്നത്. ആവശ്യപ്പെട്ട പണം അയച്ചു കൊടുക്കാത്തതിന് നാലു വയസുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വടിവാൾകൊണ്ട് കുട്ടിയുടെ വലതു വാരിയെല്ലിന്റെ ഭാഗത്ത് പോറലേൽക്കുകയും ചെയ്തു. ഭയന്ന് നിലവിളക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ യുവതി വിദേശത്ത് നിന്ന് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു. പിന്നാലെയാണ് പോലീസിൽ പരാതി ലഭിക്കുന്നത്.
അന്വേഷണത്തിനൊടുവിൽ ജിൻസനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് തിരുവല്ല പോലീസ് കേസെടുത്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.