കൊച്ചി: അനധികൃതമായും അധികമായും ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് പിടിമുറുക്കുന്നു. ഹെഡ് ലൈറ്റുകളില്‍ അംഗീകാരമില്ലാതെ കൂടുതല്‍ വാട്ടേജുള്ള ബള്‍ബ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയമിച്ചിട്ടുള്ളതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി സമയങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. എതിരേ വാഹനങ്ങള്‍ വന്നാല്‍ ലൈറ്റ് ഡിം ചെയ്യണമെന്നതാണ് മോട്ടോര്‍ വാഹന ചട്ടം. എന്നാല്‍ തിരക്കേറിയ കൊച്ചി പോലുള്ള നഗരത്തില്‍ പകുതിയിലധികം ഡ്രൈവര്‍മാരും ഇതിന് തയാറാകാറില്ലെന്നും ആര്‍ടിഒ സാദിഖ് അലി ചൂണ്ടിക്കാട്ടി. രാത്രി സമയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാന കാരണം എതിരെ വരുന്ന വാഹനം ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതുമൂലം ഡ്രൈവറുടെ കാഴ്ച മങ്ങുന്നതാണ്.
നിയമം ലംഘിച്ച് പ്രകാശം കുടുതലുള്ള ലൈറ്റ് ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരേ 500 മുതല്‍ 1000 രൂപ വരെയാണ് വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ എറണാകുളം ആര്‍ടിഒക്ക് കീഴില്‍ പ്രത്യേകമായി മൂന്നു എന്‍ഫോഴ്സമെന്റ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ അങ്കമാലി-പറവൂര്‍, എറണാകുളം-ആലുവ, മട്ടാഞ്ചേരി-തൃപ്പൂണിത്തുറ ഭാഗങ്ങളായി തിരിഞ്ഞാണ് സ്ക്വാഡ് പരിശോധന നടക്കുന്നത്.
രാത്രികാലങ്ങളില്‍ വളവുകളിലും വാഹനങ്ങളെ മറികടക്കുന്പോഴും മാത്രമാണ് ബ്രൈറ്റ് ലൈറ്റുകള്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഫോഗ് ലാമ്പുകള്‍ മഞ്ഞുള്ള സമയങ്ങളില്‍ മാത്രമെ ഉപയോഗിക്കാവൂ. കൂടാതെ ലൈറ്റുകളുടെ മേല്‍ നിറങ്ങള്‍ പൂശുകയോ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയോ, രജിസ്ട്രേഷന് സമയത്തുണ്ടായിരുന്ന ലൈറ്റുകള്‍ പുറമെ സ്പോട്ട് ലൈറ്റുകള്‍ എല്‍ഇഡി ലൈറ്റുകൾ, കൂടിയ പ്രകാശമുള്ള ഹൈ ഇന്റന്‍സിറ്റി ബള്‍ബുകള്‍ എന്നിവ ഉപയോഗിക്കുന്നതും രജിസ്ട്രേഷന് വ്യവസ്ഥകളുടെ ലംഘനമാണ്.
മൂന്നു മാസത്തിനിടെ പിഴ ഈടാക്കിയത് 541 കേസുകളിൽ
എറണാകുളം ആര്‍ടിഒയുടെ കീഴില്‍ മാത്രം മൂന്നു മാസത്തിനിടെ അനധികൃതമായി ലൈറ്റ് ഉപയോഗിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചതും പിഴ ഈടാക്കിയതും 541 കേസുകളിലാണ്. ഇരുചക്ര വാഹനങ്ങളും, നാലു ചക്ര വാഹനങ്ങളും കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന വാഹനങ്ങളും ഇതില്‍പ്പെടുന്നു. ഹൈബീം ലൈറ്റുകള്‍ ഉപയോഗിച്ചതിനു ടൂറിസ്റ്റ് വാഹനങ്ങള്‍, സംസ്ഥാനത്തിനു പുറത്തു നിന്നെത്തിച്ച വാഹനങ്ങള്‍ എന്നിവയ്ക്കെതിരേയാണ് വകുപ്പ് അധികവും പിഴ ചുമത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.