വയറില്നിന്നു തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില് വിജയകരമായി ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്തു പുതിയ നേട്ടവുമായി ഡല്ഹി എംയിസ്. ഉത്തര്പ്രദേശിലെ ബാലിയയില് അപൂര്വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണു വിജയകരമായി ശസ്ത്രക്രിയ പൂര്ത്തിയാക്കിയത്. നീക്കം ചെയ്ത അവയവത്തിന് 16 കിലോയോളം ഭാരമുണ്ടായിരുന്നു.
കുട്ടിക്ക് ആരോഗ്യമുള്ള രണ്ടു കാലുകളും രണ്ടു കൈകളുമുണ്ടെങ്കിലും പൊക്കിളിനോടുചേര്ന്ന് രണ്ടു കാലുകള് അധികമായുണ്ടായിരുന്നു. അപൂര്ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിക്കുണ്ടായിരുന്നത്.
അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്ഭം ധരിച്ചുവെങ്കിലും അതില് ഒന്നിന്റെ ശരീരം പൂര്ണമായി വളര്ച്ച പ്രാപിക്കാത്ത അവസ്ഥ. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോള് കുട്ടി പൂര്ണ ആരോഗ്യവാനായെന്നും ഡോക്ടര്മാര് അറിയിച്ചു.