തിരുവനന്തപുരം: കടുത്ത ചൂടിൽ സംസ്ഥാന വെന്തുരുകാൻ തുടങ്ങിയതോടെ പലയിടത്തും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. മഴയുണ്ടാകാനുള്ള സാധ്യത കുറവായതിനാൽ വരുംദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടുത്ത ചൂടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഉൾനാടൻ മത്സ്യബന്ധനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലാണ് ഈ പ്രശ്നം ഏറ്റവും രൂക്ഷമായത്. കണമ്പ്, തിരുത, പൂമീൻ, വറ്റ എന്നിവ ഇപ്പോൾ ലഭിക്കാറില്ല.
മകക്കയും ചത്തുപൊന്തുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കക്ക വാരാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുകയാണ്.
ചൂട് വർധിച്ചതിനാൽ പുഴകളിലും മത്സ്യ ലഭ്യത കുറഞ്ഞു. നല്ല വേനൽ മഴ ലഭിക്കാൻ ഇനിയും സമയമെടുത്തേക്കും. കുടിവെള്ള ക്ഷാമം രൂക്ഷമാകാനും സാധ്യതയുണ്ട്.
അതേസമയം മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം കണ്ണൂർ ജില്ലയിലാണ് ഈ വേനൽ കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്നതാപനില രേഖപ്പെടുത്തിയത്. കണ്ണൂർവിമാനത്താവളത്തിൽ മാർച്ച് നാലിന് 41 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനില. കണ്ണൂർ ടൗണിൽ 37.1 ഡിഗ്രി രേഖപ്പെടുത്തി.
തൃശൂർ ജില്ലയിലും കടുത്ത ചൂടാണ് . വെള്ളാനിക്കരയിൽ 37.4 അനുഭവപ്പെട്ടു. മിക്ക ജില്ലകളിലും പകൽ സമയത്തെ താപനില 35 ലേക്ക് ഉയർന്നിട്ടുണ്ട്.
11 മണി മുതൽ മൂന്നുമണിവരെ നേരിട്ട് വെയിലേൽക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം തൊഴിൽവകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്.
അമിതമായ ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. തീപിടുത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.