കൊച്ചി: അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്നു കാണിച്ച് പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ കമ്പനി (ഇ. വൈ ഇന്ത്യ) മേധാവിക്ക് മലയാളി ജീവനക്കാരുടെ അമ്മയുടെ കത്ത്. കഴിഞ്ഞ ജൂലൈ 20നാണ് എറണാകുളം കങ്ങരപ്പടി സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അന്ന സെബാസ്റ്റ്യ(26)നാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണത്.
കമ്പനിയുടെ ജീവനക്കാരോടുള്ള നയമാണ് മകളുടെ മരണത്തിന് കാരണമെന്നും സംഭവ ശേഷം നാല് മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും കുറിച്ചാണ് അന്നയുടെ അമ്മ അനിത അഗസ്റ്റ്യന്‍ കമ്പനി മേധാവി രാജീവ് മേമാനിയെ അഭിസംബോധന ചെയ്ത് കത്ത് അയച്ചത്.
ഇ.വൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയില്‍ ചേര്‍ന്നത്. സ്കൂളിലും കോളജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അന്ന ഇ.വൈയിലും ഇവൈയിലും കഠിനമായി ജോലി ചെയ്തു. അമിത ജോലിഭാരവും പുതിയ അന്തരീക്ഷവും മകളെ ശാരീരികമായും മാനസികമായും തളര്‍ത്തി.
മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ചുവേദനയായിട്ട് അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവുമാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജൂലൈ ആറിന് പൂനയില്‍ നടന്ന അന്നയുടെ സിഎ കോണ്വൊക്കേഷന് മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ജോലിത്തിരക്ക് കാരണം മാതാപിതാക്കള്‍ക്കൊപ്പം അധികനേരം ചെലവഴിക്കാന്‍ അന്നയ്ക്ക് അന്ന് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നു.