കണ്ണിൽ കരടു പോയാൽ അത് പുറത്തെടുക്കുന്നതു വരെ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചിന്തക്കുന്നതിനും അപ്പുറമാണ്. കണ്ണു കഴുകിയും ഉപകരണങ്ങളുടെ സഹായത്തോടെയും എങ്ങനെയെങ്കിലും ഇത് പുറത്തെടുത്താൽ മതിയെന്നുള്ള ചിന്തയേ എല്ലാവർക്കുമുള്ളു.
എങ്കിലിതാ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന എണ്‍പതുകാരിയായ ഒരു മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ബാൾക്കൻസിലെ ബോസ്നിയ ആൻഡ് ഹെർസ്ഗോവിനാ സ്വദേശിനിയായ ഇവരുടെ പേര് ഹവാ സെലിബിക്ക് എന്നാണ്. നാനാ ഹവാ എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്.
ലോകത്തിൽ നാക്ക് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്നത് താൻ മാത്രമാണെന്നാണ് നാനാ ഹവാ അവകാശപ്പെടുന്നത്. വെറും 10 യൂറോ മാത്രമാണ് ഈ ചികിത്സയുടെ ഫീസ്. മദ്യം ഉപയോഗിച്ച് നാക്ക് കഴുകിയതിനു ശേഷമാണ് ഇവർ ചികിത്സ ആരംഭിക്കുന്നത്. കന്പി, കരിക്കട്ട, ഈയം, പൊടി പടലങ്ങൾ, ഗ്ലാസ് കഷണങ്ങൾ മുതലായവ തന്റെ അടുക്കൽ വരുന്നവരുടെ കണ്ണിൽ നിന്നും പുറത്തെടുത്തിട്ടുണ്ടെന്ന് ഇവർ പറയുന്നു.
നാനാ ഹവാ ഒരാളുടെ കണ്ണ് നാക്ക് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഇവരെപ്പറ്റി എല്ലാവരും അറിയുന്നത്.