ചേര്‍ത്തല: മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ച് നേത്രദാന സമ്മതപത്രം നല്കുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന രൂപീകൃതമായി ഒരുവര്‍ഷത്തിനിടെ രക്തദാന സേനയടക്കം രൂപീകരിച്ച് സമൂഹനന്മയ്ക്കു കൂടി പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
170 ഓളം അംഗങ്ങളുള്ള സംഘടനയില്‍ 150 പേരാണ് ആദ്യഘട്ടത്തില്‍ നേത്രദാനസമ്മത പത്രം നല്‍കുന്നതെന്ന് പൂര്‍വവിദ്യാര്‍ഥി സംഘടന കോ-ഓര്‍ഡിനേറ്റര്‍ ഐ.ബി. സുരേന്ദ്രന്, വൈസ് ചെയര്മാന് കെ.ജെ. എബിമോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ സ്ഥലത്തില്ലാത്തവരടക്കമുള്ള 20 പേര് അടുത്ത ഘട്ടത്തില്‍ സമ്മതപത്രം കൈമാറും. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയുമായി സഹകരിച്ചാണ് സമ്മതപത്രം കൈമാറുന്നത്.
ഇത് ഓരോ അംഗത്തിന്റെയും വീട്ടില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 28ന് വൈകിട്ട് നാലിനു കായിപ്പുറം റിസോര്‍ട്ടില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ ആശുപത്രി അധികൃതര്‍ സമ്മതപത്രം ഏറ്റുവാങ്ങും.