അങ്കമാലി: എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്തിട്ടും പൊതുമരാമത്ത് വകുപ്പ് തൃശൂർ ഡിവിഷന്റെ ഭാഗമായിരുന്ന അടിച്ചിലി മുതല്‍ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വരെയുള്ള ഏഴുകിലോമീറ്റര്‍ റോഡിന് ശാപമോക്ഷമായി. ഇന്നലെ പൊതുമരാമത്ത് വകുപ്പ് എൻജിനീയർ റോഡ് എറണാകുളം ഡിവിഷനിലേക്ക് മാറ്റിയതായി ഉത്തരവിറക്കി. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ദേശീയപാതയില്‍ മുരിങ്ങൂരില്‍ നിന്നാരംഭിച്ച് ചാലക്കുടി പുഴയുടെ വടക്കേതീരത്തുകൂടി മേലൂര്‍ വഴി 17.205 കിലോമീറ്റർ നീളമുള്ള റോഡ് പൊതുമരാമത്ത് എറ്റെടുത്ത കാലം മുതല്‍ തൃശൂര്‍ ഡിവിഷനു കീഴിലായിരുന്നു. തൃശൂര്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കാകട്ടെ ജില്ലാ അതിര്‍ത്തിയായ അടിച്ചിലി വിട്ട് കിഴക്കോട്ട് തിരിഞ്ഞു നോക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ അടിച്ചിലി മുതല്‍ ഏഴാറ്റുമുഖം വരെയുള്ള ഏഴുകിലോമീറ്റര്‍ റോഡ് സംരക്ഷിക്കാൻ ആളില്ലാതായി.
റോഡ് എറണാകുളം ഡിവിഷനിലേയ്ക്ക് മാറ്റണമെന്ന മുന്നൂര്‍പ്പിള്ളി, ഏഴാറ്റുമുഖം നിവാസികള്‍ മുറവിളിക്ക് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. റോജി എം. ജോൺ എംഎല്‍എയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ഒടുവിൽ ഉത്തരവിറക്കിയത്.
ഏഴാറ്റുമുഖം വെറ്റിലപ്പാറ, അതിരപ്പിള്ളി, വാഴച്ചാല്‍, വാല്‍പ്പാറ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളെ മധ്യ-ദക്ഷിണ കേരളവുമായി ബന്ധിപ്പിക്കുന്നതും ടൂറിസം വികസനത്തിന് അത്യാന്താപേക്ഷിതവുമായ അടിച്ചിലി-ഏഴാറ്റുമുഖം റോഡ് എറണാകുളം ഡിവിഷനിലേയ്ക്ക് മാറ്റാന്‍ മുന്‍കൈയെടുത്ത റോജി എം. ജോണ്‍ എംഎല്‍എയെ മൂക്കന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.എം. വര്‍ഗീസ്, കറുകുറ്റി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി. പോളി എന്നിവര്‍ അഭിനന്ദിച്ചു.