ചേർത്തല: മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഈഴവരെ തുരത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് സവർണ വിഭാഗം നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവർണ വിഭാഗം തുടരുന്നത്. സി.കേശവൻ, ആർ.ശങ്കർ, കെ.ആർ. ഗൗരിഅമ്മ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്കുശേഷം പിണറായി വിജയനേയും ഇക്കൂട്ടർ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവൻ മുഖ്യമന്ത്രിയാകാതിരിക്കാൻ യുഡിഎഫും എൽഡിഎഫും കൗശലപൂർവമാണ് കരുനീക്കം നടത്തുന്നത്.
ഉദ്യോഗസ്ഥതലത്തിലെ ഉന്നത സ്ഥാനങ്ങളിൽ നിന്നും ഈഴവരെ അകറ്റി നിർത്തുന്നത് മൂലം അർഹതപ്പെട്ടത് പലതും നഷ്ടമാകുകയാണ്. മുന്നാക്കക്കാരിലെ മാത്രമല്ല, പിന്നാക്കക്കാരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കൂടി സംവരണം ഏർപെടുത്താൻ നടപടി സ്വീകരിക്കണം. സംഘടിത മതവിഭാഗങ്ങൾ അധികാരങ്ങൾ കൈപിടിയിലൊതുക്കുന്പോൾ അസംഘടിതരായ പിന്നാക്കക്കാരൻ എന്നും പടിക്കു പുറത്താണ്.
ശരിദൂരവും സമദൂരവും മാറിപറഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറക്കാൻ ചിലർ ഇതര സമുദായങ്ങളെ പേരുപറയാതെ ആക്ഷേപിക്കുകയാണ്.അധികാരം അധ:സ്ഥിതർക്കെന്ന് പറയുന്നവർ തന്നെ അധ:സ്ഥിതരെ ഭിന്നിപ്പിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയ ശേഷം സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അധ്യക്ഷത വഹിച്ചു. എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, യോഗം കൗണ്‍സിലർ സി.എം. ബാബു, സെക്രട്ടറി ഡോ.വി. ശ്രീകുമാർ, കോ-ഓർഡിനേറ്റർ പി.വി. റെജിമോൻ എന്നിവർ സംസാരിച്ചു.