പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിൽ കോവിഡ് വ്യാപിക്കുന്നു. അക്കാഡമി കേന്ദ്രീകരിച്ച് രോഗ വ്യാപനം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇവിടെ ശുചീകരണ ജോലിയും മറ്റുമായി രാമന്തളി നിവാസികളായ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ രാമന്തളിയിൽ വാടകയ്ക്കും മറ്റും താമസിച്ചുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അന്യ നാട്ടുകാരും അക്കാഡമിക്കകത്ത് ജോലി ചെയ്യുന്നുണ്ട്.
കോവിഡ് പോസറ്റീവായ രോഗികൾക്ക് ഒപ്പം തന്നെയാണ് മറ്റുള്ളവരും താമസിക്കുന്നതെന്നത് രോഗവ്യാപനത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇത്തരക്കാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇറങ്ങി നടക്കുന്നതും പതിവാണ്.
കൂട്ടത്തോടെ താമസിക്കുന്ന അന്യ സംസ്ഥാനക്കാരിലും മറ്റും രോഗം പെരുകുവാനുള്ള സാഹചര്യവും കൂടുതലാണ്. അക്കാഡമിയിലെ കോവിഡ് വ്യാപനംമൂലം ജോലിക്ക് പോയി തിരിച്ചു വരുന്നവർ രോഗവാഹകരാകുന്ന സാഹചര്യമാണ് ഇപ്പോൾ രാമന്തളിയിൽ ഉള്ളത്.
ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.കോവിഡ് പെരുകുന്നത് തടയാൻ അടിയന്തിരമായി രണ്ടാഴ്ചക്കാലത്തേക്ക് അക്കാഡമി അടച്ചിടാൻ നടപടി എടുക്കണമെന്ന് രാമന്തളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുമൂലം രാമന്തളി പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്കയും ഭീതിയുമകറ്റാൻ നടപടി വേണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.