കൊച്ചി: എഴുപുന്നയില്നിന്ന് നഗരത്തിലെത്തിയ യുവതി മരിച്ച സംഭവത്തില്‍ കാമുകനെ കുടുക്കിയത് ലോഡ്ജില്‍ നല്കിയ ഫോണ്‍നന്പര്‍. ബുധനാഴ്ച്ചയായിരുന്നു എഴുപുന്ന സ്വദേശിനിയായ പത്തൊന്‍പതുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്.
വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുലിനെ (25) ആണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ ഒരു ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചശേഷം ഗോകുല്‍ സ്ഥലംവിടുകയായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എഴുപുന്ന സ്വദേശിനിയെ ഗോകുല്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. സോഷ്യല്‍മീഡിയയിലൂടെ അടുത്ത ഇരുവരും ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.
ഇരുവരും സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ തമ്മില്‍ ശാരീരികബന്ധത്തിനിടെ രക്തസ്രാവമുണ്ടായെങ്കിലും സ്വാഭാവികമെന്ന് കരുതി കാര്യമാക്കിയില്ല.
എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗോകുല്‍ തന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ ഗോകുല്‍ ഇവിടെ നിന്നും മുങ്ങി.
പെണ്‍കുട്ടിയുടെ ഫോണ്‍ നന്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവുമായി നിരന്തരം വിളിച്ചത് കണ്ടെത്തി. ഇതിനിടെ സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ലോഡ്ജിലും പോലീസെത്തി.
ഇവിടെ മുറിയെടുത്തപ്പോള്‍ യുവാവ് തന്റെ നന്പറും അഡ്രസ് പ്രൂഫും നല്‍കിയിരുന്നു. വൈകുന്നേരത്തോടെ പോലീസ് ഗോകുലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.