പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നു മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തിലെ ഉത്തരവിനും പുല്ലുവില.
അദാലത്തിൽ അനുകൂല വിധി നേടിയ കുടിയൊഴിപ്പിക്കപ്പെട്ടവർ ഫണ്ട് വിതരണം ചെയ്യേണ്ട തലശേരിയിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ബന്ധപ്പെട്ട ഓഫീസ് കൈമലർത്തുകയായിരുന്നു.
ഉത്തരവൊക്കെ ശരി തന്നെ പക്ഷേ കളക്ടറേറ്റിൽ നിന്നും ഫണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി.
ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ് നാലിന് നടത്തിയ തളിപ്പറന്പ്-പയ്യന്നൂർ താലൂക്ക് അദാലത്തിലായിരുന്നുനഷ്ടപരിഹാരം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യണെന്ന് ഉത്തരവിട്ടത്.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പരാതികളില്‍ കോടതി വിധിയായതും 28 എ-3 പ്രകാരം ഓര്ഡറായതുമായ അപേക്ഷകളില്‍ രണ്ടഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്.
ഇരുപതോളം പേരുടെ പരാതികള്‍ ഒന്നിച്ച് പരിഗണിച്ചുകൊണ്ടായിരുന്നു മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നൽകിയത്.
2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം മേയ് വരെ മൂന്നു ഘട്ടങ്ങളിലായി അവാര്ഡ്തുകയിനത്തില് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാതിരുന്നതിനാല്‍ കാലഹരണപ്പെട്ടിരുന്നു.
തലശേരിയിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിക്കുന്നതായി ആക്ഷേപവുമുയര്‍ന്നിരുന്നു.
ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിയും നല്‍കിയിരുന്നു.
പരാതിക്കാര്ക്കനുകൂലമായ കോടതിയുടെ ഉത്തരവുണ്ടായിട്ടും നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടും ഇത് വിതരണം ചെയ്യത്ത അവസ്ഥയായിരുന്നു പരാതികളായി അദാലത്തിലെത്തിയത്.