രാംഗോപാല്‍ വര്‍മ, രാജ്കുമാര്‍ സന്തോഷി, അജയ് ദേവ്ഗണ്‍ തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയി പ്രവര്‍ത്തിച്ച ജെയ്. കെ. രചനയും സംവിധാനവും നിര്‍വഹിച്ച ആദ്യ മലയാള കഥാചിത്രം എസ്ര തിയറ്ററുകളിലേക്ക്. പൃഥ്വിരാജും പ്രിയ ആനന്ദും മുഖ്യവേഷങ്ങളിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് എസ്ര. ലൈലാകമേ… എന്ന പാട്ടും ഭീതി ജനിപ്പിക്കുന്ന എസ്രയുടെ ട്രെയിലറും ഇതിനോടകം തന്നെ ഹിറ്റാണ്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് എസ്രയുടെ നിര്‍മാണം. എസ്രയുടെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ജെയ്.കെ.
എസ്ര എന്ന സിനിമയുടെ പ്രമേയമെന്താണ്..?
ഇപ്പോള്‍ പുറത്തുപറയാന്‍ പറ്റാത്ത പ്രമേയമാണ്. സിനിമ കണ്ടിട്ട് ആളുകള്‍ തീരുമാനിക്കട്ടെ. സിനിമയുടെ ജോണര്‍ ഹൊറര്‍ ത്രില്ലറാണ്. സംഭവ കഥയുടെ ചലച്ചിത്രാവിഷ്കാരമല്ല.
ജൂതന്മാരുടെ ചരിത്രവുമായി എസ്ര എന്ന സിനിമയ്ക്കുള്ള ബന്ധം…?
ജൂതന്മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു മിത്തിനെ അടിസ്ഥാനമാക്കി ചെയ്ത ചിത്രമാണ് എസ്ര. ഈ സിനിമയില്‍ ജ്യൂയിഷ് മിത്തും ഉള്‍പ്പെട്ടിരിക്കുന്നു എന്നല്ലാതെ ജ്യൂയിഷ് മിത്തിന്റെ ചലച്ചിത്രാവിഷ്കാരം എന്നൊന്നും പറയാനാവില്ല.
നര്‍മം ചേര്‍ത്തു ഹൊറര്‍ പറയുന്ന രീതിയാണോ എസ്രയില്‍…?
ഹൊറര്‍ ത്രില്ലറില്‍ ഹൊറര്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഹൊറര്‍ കോമഡിയിലാണ് നര്‍മവും മറ്റുമുള്ളത്. എസ്ര ഹൊറര്‍ ത്രില്ലര്‍ ആയതുകൊണ്ടുതന്നെ ആ ജോണറിനോടു സത്യസന്ധത പുലര്‍ത്തി പറയുന്ന ഒരു കഥയാണ്. എസ്ര ഹൊറര്‍ കോമഡിയല്ല, ഹൊറര്‍ ത്രില്ലറാണ്.
കഥയുടെ പശ്ചാത്തലം കേരളമാണോ..?
ഇതു പ്രസന്റില്‍ നടക്കുന്ന കഥയാണ്. മുംബൈ, കൊച്ചി എന്നിവയൊക്കെയാണ് കഥയുടെ പശ്ചാത്തലം. കൊച്ചി, മുംബൈ, തേനി, പൂനെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.
കഥാപാത്രങ്ങളുടെ ലുക്കില്‍ ഏറെ വ്യത്യസ്തയുണ്ടല്ലോ..ഒരുതരം ഹൊറര്‍ മൂഡ് അനുഭവിപ്പിക്കുകയാണ് പോസ്റ്ററുകളും…?
പടത്തിന്റെ ടോണും കഥാപാത്രങ്ങളുടെയെല്ലാം ലുക്കും അതാണ്. പേടിപ്പിക്കല്‍ മാത്രമല്ല ഈ പടത്തിന്റെ ഉദ്ദേശ്യം. ഒരു കഥ പറയുക എന്നുള്ളതാണ്. അതില്‍ ഒരുപക്ഷേ, ത്രില്ലിംഗ് ആയ മൊമന്റ്‌സ് ഉണ്ടാവും. പേടിപ്പിക്കുന്ന മൊമന്റ്‌സ് ഉണ്ടാവും. എന്നാല്‍, എസ്ര പേടിപ്പിക്കുന്നുണ്ടോ എന്നു പറയേണ്ടത് ഞാനല്ല, പടം കണ്ടിട്ടു പ്രേക്ഷകരാണ്. ആളുകളെ പേടിപ്പിക്കും എന്ന വാശിയില്‍ എടുത്ത പടമൊന്നുമല്ല എസ്ര.
പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച്…?
രഞ്ജന്‍ മാത്യു എന്ന കഥാപാത്രമായാണ് എസ്രയില്‍ പൃഥ്വിരാജ് വരുന്നത്. ജോലി സംബന്ധമായി മുംബൈയില്‍ നിന്നു ഫാമിലിയായി കൊച്ചിയിലേക്കു വന്ന് അവിടെ താമസിക്കുന്ന കഥാപാത്രം. ജോലിസംബന്ധമായി ഒരു കപ്പല്‍ മുംബൈയില്‍ നിന്നു കൊച്ചിയിലേക്ക് എത്തുന്നിടത്താണു കഥ ആരംഭിക്കുന്നത്.
എസ്ര എഴുതുമ്പോള്‍ പൃഥ്വിരാജ് ആയിരുന്നോ മനസില്‍..?
പരസ്യചിത്രങ്ങള്‍ ചെയ്യുന്ന കാലത്തുതന്നെ എസ്രയുടെ കഥ മനസിലുണ്ടായിരുന്നു. രണ്ടു മൂന്നു വര്‍ഷം മുമ്പ് എഴുതിയ സ്ക്രിപ്റ്റാണിത്. ഈ കഥ സിനിമയാക്കണമെന്നു തോന്നി. പൃഥ്വിരാജ് നല്ല നടനെന്നു തോന്നി. പൃഥ്വിരാജിനോടു കഥ പറഞ്ഞു. പൃഥ്വിരാജ് സമ്മതം മൂളി. അങ്ങനെയാണ് പടം തുടങ്ങിയത്.
പൃഥ്വിരാജ് സ് ക്രിപ്റ്റ് ഉള്‍പ്പെടെ എല്ലാത്തിലും കൈകടത്തുമെന്നു പൊതുവേ പറഞ്ഞുകേട്ടിട്ടുണ്ട്. താങ്കളുടെ അനുഭവം…?
ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇതില്‍ കൈകടത്തലൊന്നും ഉണ്ടായിട്ടില്ല. ഒരു നടന്റേതായ ഇന്‍പുട്ട് ലെവലില്‍ പൃഥ്വിരാജും ഞാനും സംസാരിച്ചിട്ടുണ്ടെന്നല്ലാതെ ഒരു കഥാകൃത്തിന്റെ ഇന്‍പുട്ടോ ഒരു സംവിധായകന്റെ ഇന്‍പുട്ടോ ഈ പടത്തില്‍ പൃഥ്വിരാജില്‍ നിന്ന് ഉണ്ടായിട്ടില്ല.
പ്രിയ ആനന്ദിലേക്ക് എത്തിയതിനെക്കുറിച്ച്…?
അധികം പരിചിതമല്ലാത്ത ഒരു മുഖമാണ് എനിക്കു വേണ്ടിയിരുന്നത്. പ്രിയ ആനന്ദ് തെന്നിന്ത്യയില്‍ മാത്രമല്ല പ്രശസ്ത. അവര്‍ ഹിന്ദിയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഹിന്ദിയിലും അവരുടെ ഹിറ്റ് സിനിമകളുണ്ട്. സൗത്തില്‍ നിന്നുള്ള നടിയുമാണ്.
പൃഥ്വിരാജ് ചെയ്യുന്ന രഞ്ജന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യവേഷത്തിലാണ് പ്രിയ എത്തുന്നത്. ആ കാരക്ടറിന് പ്രിയ അനുയോജ്യയാണെന്നു തോന്നി. അങ്ങനെയാണു പ്രിയയിലേക്കു വന്നത്. പ്രിയയും കഥാപാത്രത്തോടു 100 ശതമാനവും നീതി പുലര്‍ത്തിയെന്നാണു തോന്നുന്നത്. പ്രിയ ആനന്ദിന്റെ ആദ്യ മലയാളം ചിത്രമാണ് എസ്ര.
എസ്രയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്..?
എസിപി ഷഫീര്‍ അഹമ്മദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണു ടൊവിനോ ചെയ്യുന്നത്. ചില അന്വേഷണങ്ങള്‍ക്ക് ഈ കഥയില്‍ ഇടമുണ്ട്. ഫാ. സാമുവല്‍ എന്ന വൈദികന്റെ വേഷമാണ് വിജയരാഘവന്‍ എസ്രയില്‍ ചെയ്യുന്നത്. ബാബു ആന്റണി ചേട്ടന്‍ റാബി ഡേവിഡ് ബന്യാമിന്‍ എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ യുഎസിലാണല്ലോ. അതിനാല്‍ അദ്ദേഹം ഉള്‍പ്പെട്ട ഭാഗങ്ങള്‍ മുംബൈയിലും പൂനെയിലുമൊക്കെയാണു ഷൂട്ട് ചെയ്തത്. അദ്ദേഹം യുഎസില്‍ നിന്നു അവിടേയ്ക്കു നേരിട്ടുവന്ന് ഷൂട്ട് കഴിഞ്ഞു മടങ്ങുകയായിരുന്നു.
കഥയുടെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പ്രാധാന്യമുള്ള റോളിലാണ് അദ്ദേഹം വരുന്നത്. പ്രതാപ് പോത്തന് ഈ സിനിമയില്‍ ഒരു ഫ്രണ്ട്‌ലി ഗസ്റ്റ് അപ്പിയറന്‍സാണുള്ളത്. പ്രതാപനെ എനിക്കു നേരത്തേ അറിയാം. മുംബൈയില്‍ വച്ച് ഒന്നിച്ച് ഇടപഴകാനുള്ള സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. സംസ്ഥാന പുരസ്കാരം നേടിയ സുദേവ് നായരും ഒരു പ്രധാന വേഷം ചെയ്യുന്നു. സുജിത് ശങ്കര്‍ റാബി മാര്‍ക്കെസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു,.
എസ്രയിലെ സംഗീതത്തെക്കുറിച്ച്..?
കഥയുമായി ചേര്‍ന്ന മ്യൂസിക്കാണ് എസ്രയില്‍ കൊടുത്തിട്ടുള്ളത്. രാഹുല്‍ രാജ് പാട്ടുകളും സുഷിന്‍ ശ്യാം പശ്ചാത്തലസംഗീതവുമൊരുക്കി. ഹരിനാരായണന്‍ എഴുതിയ ലൈലാകമേ എന്ന ഗാനം നേരത്തേ പുറത്തിറക്കിയിരുന്നു. ജനങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടെന്നാണു തോന്നുന്നത്. ലൈലാക് എന്ന പൂവിനെ പ്രണയത്തിന്റെ പൂവെന്നാണു കവി ഉദ്ദ്യേശിച്ചത്.
എസ്രയുടെ കൊച്ചിയിലെ സെറ്റില്‍ ചില അസാധാരണ സംഭവങ്ങള്‍ ഉണ്ടായെന്നും പുരോഹിതന്‍ വന്നു പ്രാര്‍ഥന നടത്തിയെന്നുമൊക്കെ കേട്ടിരുന്നു…?
സെറ്റില്‍ പലപല സംഭവങ്ങള്‍ ഉണ്ടായതായി ഞാനും പത്രങ്ങളില്‍ വായിച്ചിരുന്നു. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. ഞാനൊരു റാഷണലിസ്റ്റാണ്. പ്രേതത്തിലും ഭൂതത്തിലുമൊന്നും എനിക്കു വിശ്വാസമില്ല. എനിക്ക് വ്യക്തിപരമായി അത്തരം അനുഭവം ഉണ്ടായിട്ടുമില്ല. സെറ്റില്‍ പലര്‍ക്കും അത്തരം അനുഭവം ഉണ്ടായതായാണ് ഞാന്‍ അറിഞ്ഞത്.
എസ്രയുടെ സാങ്കേതികമികവിനെക്കുറിച്ച്..?
ടെക്‌നിക്കലി നല്ലൊരു സിനിമയായിരിക്കുമെന്നാണ് വിശ്വാസം. സുജിത് വാസുദേവ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു എസ്രയുടെ ഏതു ഡിപ്പാര്‍ട്‌മെന്റുമാകട്ടെ, സൗണ്ട്, കാമറ, എഡിറ്റിംഗ്, പ്രൊഡക്്ഷന്‍ ഡിസൈന്‍…ടെക്‌നിക്കലി നല്ലൊരു പ്രോഡക്ടിനാണു ശ്രമിച്ചിട്ടുള്ളത്.
മലയാളത്തില്‍ ചെയ്ത ആദ്യചിത്രം എന്ന നിലയില്‍ എന്തു തോന്നുന്നു..?
സന്തോഷം. പടം റിലീസ് ആയി ജനങ്ങളിലേക്ക് എത്തണം.
പൃഥ്വിരാജിന് ഒപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്…?
ഏറെ എഗ്‌സൈറ്റിംഗ് ആയിരുന്നു അദ്ദേഹവുമൊത്തുള്ള ചിത്രീകരണ ദിനങ്ങള്‍. ഈ കഥയെ സംബന്ധിച്ചിടത്തോളം, ഈ സിനിമയെക്കുറിച്ച് എനിക്കുള്ള ധാരണകള്‍ തന്നെയായിരുന്നു പൃഥ്വിരാജിനും. ഞങ്ങളുടെ ഫ്രീക്വന്‍സി ഒരുപോലെയായിരുന്നു. ഷൂട്ടിംഗിലും പ്രീപ്രൊഡക്ഷനിലും പോസ്റ്റിലുമെല്ലാം.
പൃഥ്വിരാജുമായി ഏറെ രസകരമായ വര്‍ക്കിംഗ് എക്‌സ്പീരിയന്‍സാണ്. ഏതൊരു സംവിധായകന്റെയും ഡ്രീം ആക്ടറാണു പൃഥ്വിരാജ്. അദ്ദേഹം തീര്‍ച്ചയായും ഡയറക്ടേഴ്‌സ് ആര്‍ട്ടിസ്റ്റാണ്. സംവിധായകന്റെ വിഷന്‍ കൃത്യമായി മനസിലാക്കി അതു വിശ്വസനീയമാണെങ്കില്‍ 100 ശതമാനവും സംവിധായകനൊപ്പം നില്‍ക്കുന്ന നടനും താരവുമാണ് പൃഥ്വിരാജ്.
ഞങ്ങള്‍ തമ്മില്‍ ഷൂട്ടിംഗിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകുമായിരുന്നു. അങ്ങനെ എല്ലാ സംശയങ്ങളും ദൂരീകരിച്ചു വ്യക്തത നേടിയ ശേഷമാണു ചെയ്തത്. ഒരു സംവിധായകനും നടനും തമ്മിലുള്ള നല്ല ബന്ധം തന്നെയാണു ഞങ്ങള്‍ തമ്മിലുള്ളത്.
നായികാനായക സങ്കല്പങ്ങള്‍ക്കു പ്രാമുഖ്യം നല്കുന്ന ചിത്രമാണോ..?
നായകന്‍, നായിക തുടങ്ങിയ പൊതുധാരണകള്‍ക്കപ്പുറം എസ്രയില്‍ കഥയാണു ലീഡ് ചെയ്യുന്നത്. നായകന്‍, നായിക എന്നുപറയുന്നതിലും ഉചിതം മുഖ്യകഥാപാത്രങ്ങള്‍ എന്നു പറയുന്നതാവും.
എസ്ര എന്ന ചിത്രം അവകാശപ്പെടുന്ന മറ്റു വ്യത്യസ്തകള്‍..?
പടം ഇറങ്ങുന്നതിനു മുമ്പ് ഞാന്‍ വ്യത്യസ്തകളെക്കുറിച്ചു സംസാരിക്കുന്നതിനേക്കാള്‍ നല്ലതു സിനിമ തന്നെ സംസാരിക്കുന്നതാണ്. സിനിമ കണ്ടിട്ടു ജനങ്ങള്‍ തീരുമാനിക്കട്ടെ. ഞാനല്ലല്ലോ അതു പറയേണ്ടത്. വ്യത്യസ്ത എന്നുള്ള അവകാശവാദങ്ങള്‍ പലപ്പോഴും ക്ലീഷേ ആയിത്തീരാറുണ്ട്.
സിനിമയില്‍ ഇതുവരെയുള്ള വഴി…?
സിനിമയിലെത്തിയിട്ടു 10–12 വര്‍ഷമായി. 5–8 വര്‍ഷമായി പരസ്യചിത്രങ്ങള്‍ ചെയ്യുന്നു. ധാരാളം ഇന്റര്‍നാഷണല്‍ പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ സംവിധാനം ചെയ്ത ഒരു പടത്തിന് എഴുതിയിട്ടുണ്ട്. ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളുമാണ് മുമ്പു ഞാന്‍ ചെയ്തിട്ടുള്ളത്.
മുംബൈയില്‍ ചില ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാംഗോപാല്‍ വര്‍മ, രാജ്കുമാര്‍ സന്തോഷി, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ ആദ്യത്തെ കഥാചിത്രമാണ് ഇപ്പോള്‍ സംവിധാനം ചെയ്ത എസ്ര.
വീട്ടുവിശേഷങ്ങള്‍..?
എന്റെ വീട് മുംബൈയിലാണ്. അച്ഛനും അമ്മയും താമസിക്കുന്നത് എറണാകുളത്താണ്. ജനിച്ചതു കേരളത്തിലായിരുന്നു. പക്ഷേ, പിന്നീടു വിദ്യാഭ്യാസമൊക്കെയായിട്ടു മുംബൈയിലെത്തി.
ടി.ജി.ബൈജുനാഥ്