മുന്‍വിധിയില്ലാതെ എസ്ര കാണൂ! ശരിക്കും ഹൊറര്‍ ത്രില്ലറാണെന്ന് പൃഥ്വിരാജ്

Ezra

കൊച്ചി: ഹൊറര്‍ സിനിമയായ എസ്രയുടെ വിശേഷങ്ങളുമായി പൃഥ്വിരാജും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരും. ജൂത ചരിത്രത്തിലൂന്നിയുള്ള പ്രമേയവുമായി തിയറ്ററിലെത്തുന്ന ചിത്രം  നാളെ തിയറ്ററുകളിലെത്തും.    ചിത്രത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചു  പൃഥ്വിരാജ് വാചാലനായി. ആസ്വാദകര്‍ക്ക് ജൂത ചരിത്രത്തെപ്പറ്റിയും ജൂത പൈതൃകത്തെപ്പറ്റിയും ഒരുപാട് അറിവുകള്‍ ഈ സിനിമ വഴി ലഭിക്കുമെന്നു നായകനായ  പൃഥ്വിരാജ്  പറഞ്ഞു. വിവിധ വീക്ഷണകോണുകളിലൂടെ ജൂത ചരിത്രത്തെ നോക്കിക്കാണുന്ന രീതിയിലാണു സിനിമ.

എസ്രയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കേരളത്തിനു മഹത്തായ ഒരു ജൂത പാരന്പര്യമാണുള്ളത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല. സിനിമയ്ക്കു വേണ്ടി ജൂത ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള ചരിത്രത്തെ വായിച്ചറിയാന്‍ താന്‍ ശ്രമിച്ചു.

ഒന്നല്ല ഒരു നൂറു സിനിമകള്‍ക്കുള്ള കഥാതന്തുക്കള്‍ ജൂതചരിത്രത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഹൊറര്‍ മൂഡ് ചിത്രങ്ങളൊക്കെ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ എസ്ര ശരിക്കും ഹൊറര്‍ ത്രില്ലറാണ്.
ഹൊറര്‍ സിനിമയെന്ന മുന്‍വിധികളില്ലാതെ കണ്ടാല്‍ പുത്തന്‍ അറിവുകളും ദൃശ്യാനുഭവവുമാകും സിനിമ സമ്മാനിക്കുകയെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് മേത്ത, സാരഥി, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണു സിനിമ നിര്‍മിച്ചിരിക്കുന്നത്. പുതുമുഖമായ ജെ.കെ (ജയകൃഷ്ണന്‍) ആണു സംവിധായകന്‍. ക്രിസ്മസിന് ഇറങ്ങേണ്ടിയിരുന്ന എസ്ര തിയറ്റര്‍ സമരം കാരണം റിലീസ് വൈകുകയായിരുന്നു.

എസ്ര ഉള്‍പ്പെടെയുള്ള ക്രിസ്മസ് റിലീസ് സിനിമകളുടെ അവധിക്കാല സീസണ്‍ തിയറ്റര്‍ സമരം നഷ്ടപ്പെടുത്തിയെന്നു നിര്‍മാതാവ് മുകേഷ് മേത്ത പറഞ്ഞു.  റിലീസ് വൈകിയെങ്കിലും നിര്‍മാതാവെന്ന നിലയില്‍ താനതിനെ ഗുണാത്മകമായാണ് കാണുന്നത്. എല്ലാ മലയാള സിനിമകളും വൈകിയിട്ടുണ്ട്. എസ്രയെ സംബന്ധിച്ചിടത്തോളം സിനിമ മാര്‍ക്കറ്റ് ചെയ്ത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സമയം ലഭിച്ചു. ഇതിനെ അണിയറ പ്രവര്‍ത്തകര്‍ നല്ല രീതിയിലാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts