മുംബൈ നിരത്തുകളിൽ താരമായി മാറിയിരിക്കുകയാണ് ഒരു പാൽക്കാരൻ. പാൽവിതരണത്തിന് അദ്ദേഹം ഉപയോഗിക്കുന്ന വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.
ഫോർമുല വൺ (എഫ് 1) വാഹനത്തിന്റെ മോഡലിലാണ് വാഹനം എന്നുള്ളതാണു ജനപ്രീതിയ്ക്കു കാരണം. സോഷ്യൽ മീഡിയകളിൽ ഇതുപോലുള്ള ധാരാളം വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.
ആവശ്യങ്ങൾക്കനുസരിച്ച് തങ്ങളുടെ കൈയിലുള്ള പരിമിതമായ സാമഗ്രികളെ പുനർനിർമിക്കുന്ന വീഡിയോകളും ഇക്കൂട്ടത്തിൾ ഉൾപ്പെടും.
ഇത്തരം വീഡിയോകളിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട വീഡിയോ ആണിത് – എഫ് 1 പാൽക്കാരൻ.ഫോർമുല വൺ വാഹനത്തിന്റെ അതേ രൂപം. എന്നാൽ ആ വേഗതയില്ല കേട്ടോ ഈ പാൽവണ്ടിക്ക്.
മൂന്നു ചക്രങ്ങളാണു വാഹനത്തിനുള്ളത്. കാറും ബൈക്കും സംയോജിപ്പിച്ച രൂപം. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചാണു പാൽക്കാരന്റെ യാത്ര.
വാഹനത്തിന്റെ പിന്നിലാണു പാൽപാത്രങ്ങൾ വച്ചിരിക്കുന്നത്. പാൽപ്പാത്രം മറിഞ്ഞുവീഴാതെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള മാർഗങ്ങളും വാഹനത്തിലുണ്ട്.
ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇരുപതിനായിരത്തിലധികം കമന്റുകളുമുണ്ട്. മുപ്പതിനായിരത്തോളം പേർ വീഡിയോ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതിനു ശേഷം മുംബൈ നിരത്തുകളിൽ താരമായി മാറിയിരിക്കുകയാണു പാൽക്കാരൻ.