ലണ്ടന്‍: എഫ്എ കപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഇന്ന് ചെല്‍സിയും ആഴ്സണലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഇരുടീമിനും അഭിമാന പോരാട്ടമാകും. ചെല്സിയാണെങ്കില് ഇറ്റാലിയന്‍ പരിശീലകന് അന്റോണിയോ കോന്റെയുടെ കീഴില്‍ 2016-17 പ്രീമിയര്‍ ലീഗ് സീസണിന്റെ ചാമ്പ്യന്മാരാണ്. മറുവശത്തുള്ള ആഴ്സണലിനാണെങ്കില് ഒരു കിരീടമെങ്കിലും നേടാതെ സീസണല്‍ പൂര്‍ത്തിയാക്കുക പ്രയാസം. ഇന്ത്യന്‍ സമയം രാത്രി 10നാണ് മത്സരം തുടങ്ങുന്നത്.
പരിശീലകന് ആഴ്സിന്‍ വെംഗര്‍ക്കും അഭിമാനപ്രശ്നമാണ്. പ്രീമിയര്‍ ലീഗില്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായിപ്പോയ ആഴ്സണലിനു ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനായില്ല. 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാതെ പോയത്. കൂടാതെ ചെല്‍സിയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയാല്‍ എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ നേടിയ ക്ലബ്ബെന്ന പേര് ആഴ്സണലിനു സ്വന്തമാകും. കപ്പ് ആഴ്സണല്‍ ആരാധകര്‍ക്കും ഒരാശ്വാസമാകും.
നിലവില്‍ 12 കിരീടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം റിക്കാര്‍ഡ് പങ്കിടുകയാണ്. ആഴ്സണല്‍ ജയിച്ചാലും തോറ്റാലും വെംഗറെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകര്‍ മുറവിളി കൂട്ടുകയാണ്. ക്ലബ്ബിനൊപ്പമുള്ള തന്റെ ഭാവി എന്തുതന്നെയായിരുന്നാലും ഈ വിജയം വെംഗര്‍ക്കു കൂടുതല്‍ മധുരമാകും. ഏഴു എഫ്എ കപ്പ് നേടിയ ആദ്യ പരിശീലകനെന്ന പേര് വെംഗര്‍ക്കു സ്വന്തമാകും. 2015ൽ ആഴ്സണൽ ചാന്പ്യന്മാരായിരുന്നു. മറുവശത്തുള്ള ചെല്സിയാണെങ്കില് പ്രീമിയര്‍ ലീഗ് കിരീടത്തിനു പുറമെ എഫ്എ കപ്പ് കൂടി നേടി സീസണ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോന്റെയ്ക്ക് ആദ്യ സീസണില്‍ തന്നെ രണ്ടു കിരീടം നേടാനുമാകും.
ഈ സീസണലില്‍ ആഴ്സണലിനൊപ്പം യൂറോപ്പ ലീഗിലേക്കു യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണെങ്കില് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടിക്കഴിഞ്ഞു. ഇനി ആഴ്സണലിന് എഫ്എ കപ്പില്‍ കുറഞ്ഞ പ്രതീക്ഷകളില്ല. ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സ്ഥിതിക്ക് ആഴ്സണലാണ് എഫ്എ കപ്പിലെ ഫോവറിറ്റുകളെന്ന് ചെല്‍സി പരിശീലകന് കോന്റെ പറഞ്ഞു.
2010ല്‍ പ്രീമിയർ ലീഗ്, എഫ്എ കപ്പ് നേടിയശേഷം ചെല്‍സി ഒരിക്കല്‍ക്കൂടി ഡബിളിനരികിലാണ്. ഇന്ന് ജയിച്ചാല്‍ റോമന്‍ അബ്രാഹിമോവിച്ച് 2003ല്‍ ചെല്‍സിയുടെ ഉടമയായ ശേഷം ക്ലബ്ബിനു 15-ാമത്തെ പ്രധാന കിരീടം സ്വന്തമാക്കാനാകും.
പ്രീമിയര്‍ ലീഗില്‍ സെപ്റ്റംബറില്‍ ആഴ്സണലിനോട് 3-0ന് തോറ്റശേഷം കോന്റെ 3-4-3 കേളി ശൈലിയിലേക്കു മാറി ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. ഈ ശൈലി ചെല്‍സിക്കു തുടര്‍ വിജയങ്ങള്‍ നല്കി. ലീഗില്‍ ഫെബ്രുവരിയില്‍ ഇരുടീമും ഒരിക്കല്‍ക്കൂടി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സി 3-1ന് ആഴ്സണലിനെ തകര്‍ത്തു.
ആഴ്സണലിനെക്കാള്‍ മികച്ച സംഘമാണ് ചെല്‍സിയുടേത്. വെംഗറിന് പ്രതിരോധത്തില്‍ പ്രശ്നങ്ങള്‍ അലട്ടുന്നു. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ലോറന്റ് കോസിയെന്‍ലി പുറത്തിരിക്കും. ഗബ്രിയേലിനു മുട്ടിനു പരിക്ക്. ഷകോര്ദന് മുസ്താഫിയുടെയും പെര് മെര്ട്സകറുടെയും കാര്യത്തിലും സംശയമാണ്.
വെംഗര്‍ക്കു തന്റെ ഏറ്റവും മികച്ച പ്രതിരോധനിരയെ ഇറക്കാനായില്ലെങ്കില്‍ കോന്റെയുടെ സംഘത്തിന് അനായാസമായി ആക്രമിക്കാനുള്ള അവസരം ലഭിക്കും. എഡന്‍ ഹസാര്‍ഡ്, ഡിയേഗോ കോസ്റ്റ, പെഡ്രോ, വില്യന് എന്നിവര്‍ ഗണ്ണേഴ്സിന്റെ പ്രതിരോധം പൊളിക്കാന്‍ കഴിവുള്ളവരാണ്. പലപ്പോഴും പുറത്തുനിര്‍ത്തിയ മിച്ചി ബാറ്റ്ഷുയി അവസാന മത്സരങ്ങളില്‍ ഗോളിടിച്ച് കോന്റെയുടെ ആക്രമണ നിരയുടെ കരുത്ത് വെളിപ്പെടുത്തി.
ചെല്‍സിയുടെ ആക്രമണനിരയുടെയും പ്രതിരോധത്തിലെയും പ്രധാന കണ്ണിയായി കളിക്കുന്ന എന്‍ഗോളോ കാന്റെയും മികച്ച ഫോമിലാണ്. ഈ സീസണില്‍ ചെല്‍സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ കാന്റെ മൂന്നു വ്യക്തിഗത അവാര്‍ഡുകള്‍ സ്വന്തമാക്കി. ഇതില്‍ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡുണ്ടായിരുന്നു.
ആഴ്സണലിന്റെ ആക്രമണനിരയും ചെല്‍സിയുടെ നിരയോട് കിടപിടിക്കാന്‍ തക്ക പ്രാഗത്ഭ്യമുള്ളവരാണ്. അലക്സിസ് സാഞ്ചസ് ഏറ്റവും മികച്ച ഫോമിലെത്തിയാല്‍ ആഴ്സണലിനും ട്രോഫി ഉയര്‍ത്താനാകും. ഒപ്പം മെസ്യൂട്ട് ഓസില്‍, തിയോ വാല്‍കോട്ട്, ഒളിവര്‍ ഗിരു, അലക്സ് ഇവോബി, ഡാനി വെല്‍ബാക്, ആരോണ്‍ റാംസെ എന്നിവരും ഫോമിലുയര്ന്നാല് ചെല്‍സിയും വിയര്‍ക്കും.
ഇവര്‍ക്കെതിരേ ഡേവിഡ് ലൂയിസ് നയിക്കുന്ന ശക്തമായ പ്രതിരോധനിരയെയായിരിക്കും കോന്റെ ഇറക്കുക. ഈ നിരയെ മറികടന്ന് തുടക്കത്തിലേ രണ്ടു ഗോളെങ്കിലും നേടാനായാല്‍ വെംഗര്‍ക്ക് ആശ്വസിക്കാനുള്ള വകയാകും. പരിക്ക് അലട്ടുന്ന ആഴ്സണല്‍ ക്ലീന്‍ ഷീറ്റില്‍ മത്സരം അവസാനിപ്പിക്കുമോ എന്ന കാര്യം സംശയമാണ്.
എഫ്എ കപ്പ് ഔദ്യോഗികമായി ഫുട്ബോള്‍ അസോസിയേഷന് ചലഞ്ച് കപ്പ് എന്നറിയപ്പെടുന്നു. 1871ല്‍ അസോസിയേഷന് ടൂര്‍ണമെന്റിനു തുടക്കമിട്ടു. 1871-72 സീസണില്‍ വാണ്ടറേഴ്സ് ആദ്യ ചാമ്പ്യന്മാരായി. എഫ്എ കപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് ആഴ്സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇരു ക്ലബ്ബും 12 തവണ വീതം ജേതാക്കളായി.