ലണ്ടന്‍: ഫ്രാങ്ക് ലാംപാര്‍ഡും മൈക്കിള്‍ ആര്‍തേറ്റയും പരിശീലകരെന്ന നിലയിലെ ആദ്യ കിരീടം തേടി ഇന്ന് വെംബ്ലിയില്‍ പോരാടും. എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിയും ആഴ്സണലും ഇന്ന് ഏറ്റുമുട്ടുകയാണ്.
ലാംപാര്‍ഡിന് ഈ കിരീടം നേടാനായാല്‍ ചെല്‍സിക്ക് പഴയ വിജയതൃഷ്ണ നല്‍കാനാകും. അടുത്ത സീസണില്‍ കിരീടപ്രതീക്ഷയുള്ള ടീമുകളിലേക്ക് ചെല്സിയെയുമെത്തിക്കാനാകും. ഈ സീസണില്‍ ചെല്‍സിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്ന ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കഴിഞ്ഞു.
എന്നാല്‍ ഈ കിരീടമുണ്ടെങ്കില്‍ ലാംപാര്‍ഡ് ചെയ്യുന്ന ജോലിക്ക് മികച്ചൊരു പ്രതിഫലമാകും. നാലാം സ്ഥാനക്കാരായിട്ടാണ് ചെല്‍സി ഈ പ്രീമിയര്‍ ലീഗ് സീസണ് പൂര്‍ത്തിയാക്കിയത്.
ആര്തേറ്റയ്ക്ക് ഈ കിരീടം നേടാനായാല്‍ ആഴ്സണലിന് മോശപ്പെട്ട ഒരു സീസണിന്റെ അവസാനം ഒരു സന്തോഷം നല്‍കും. ടീമിലെ സൂപ്പര്‍താരം പിയര്‍ എമറിക് ഔബമെയാംഗിന് ക്ലബ്ബില്‍ തുടരാനുള്ള വിശ്വാസവും പിന്നെ പുറത്തുനിന്നും കൂടുതല്‍ മികച്ച കളിക്കാരെ ക്ലബ്ബിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാം.
അടുത്ത സീസണിലെ യൂറോപ്പ ലീഗ് യോഗ്യതയും ആഴ്സണലിന് ഉറപ്പാക്കാം. ഇതിലൂടെ ലഭിക്കുന്ന വരുമാനം ക്ലബ്ബിന് ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകും. കപ്പ് നേടിയാല്‍ ആഴ്സണലിന് എഫ്എ കപ്പ് കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയ ക്ലബ്ബെന്ന റിക്കാര്‍ഡ് ഉയര്‍ത്താനാകും.
13 കിരീടവുമായി ആഴ്സണലാണ് മുന്നില്‍. 2017ലാണ് പീരങ്കപ്പട അവസാനമായി ജേതാക്കളായത്. 1992നുശേഷം ഏറ്റവും മോശം ഫോമിലൂടെയാണ് ആഴ്സണല്‍ കടന്നുപോകുന്നത്.
അടുത്ത സീസണിലേക്കു കളിക്കാരെ എത്തിക്കാനായി ലാംപാര്‍ഡിനു പിന്തുണ നല്‍കുമെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും കളിക്കാര്‍ക്കായി ചെലവാക്കുന്നതിന് ഒരു വിധത്തിലും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
ഹക്കിം സിയെച്ച്്, ടിമോ വെര്‍ണര്‍ എന്നിവരുമായി ഒപ്പുവച്ചുകഴിഞ്ഞു. കെയ് ഹവാട്സിനെ കൊണ്ടുവരാനും പ്രതിരോധത്തിലേക്ക് ആളുകളെയും പുതിയൊരു ഗോള്കീപ്പറെയുമെത്തിക്കാന് ചെല്‍സി ആലോചിക്കുന്നുണ്ട്.
ആര്തേറ്റയ്ക്കാണെങ്കില് ഈ കിരീടം നേടിക്കഴിഞ്ഞാല്‍ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ ഇടം ലഭിക്കുന്നതിനു പുറമെ ടീമിനെ ശക്തമാക്കാന്‍ പുതിയ കളിക്കാരെയെത്തിക്കുന്ന കാര്യത്തിനായി ക്ലബ് മാനേജ്മെന്റില്‍ സമ്മര്‍ദം ചെലുത്താനാകും.
പരാജയപ്പെടുകയാണെങ്കില്‍ ആഴ്സണലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താമസം നേരിടും.കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ചെല്‍സിയും ആഴ്സണലുമായുള്ള പോരാട്ടങ്ങള്‍ ഹൊസെ മൗറിഞ്ഞോയും ആഴ്സീന്‍ വെംഗറുമായുള്ള ഏറ്റുമുട്ടലുകളായിരുന്നു.
ലാംപാര്‍ഡും ആര്‍തേറ്റയും വരുമ്പോള്‍ പുതിയ പരിശീലകരുടെ ഏറ്റുമുട്ടലിനാണ് വഴിയൊരുങ്ങുക. ലണ്ടന്‍ നഗരത്തിലെ പുതിയ ശക്തരെ അറിയാനുമാകും.മൗറിഞ്ഞോയുടെയും വെംഗറുടെയും കീഴില്‍ കളിച്ചിട്ടുള്ളവരാണ് ഇരുവരും.
2008നുശേഷം എഫ്എ കപ്പ് നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് പരിശീലകനെന്ന റിക്കാര്‍ഡ് ലാംപാര്‍ഡിനെ കാത്തിരിപ്പുണ്ട്. 2008ല്‍ പോര്ട്സ്മൗത്തിനായി ലാംപാര്‍ഡിന്റെ അങ്കിള്‍ ഹാരി റെഡ്ക്നാപ്പിനുശേഷം കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷുകാരാനാകാം.
ചെല്‍സിക്കൊപ്പം കളിക്കാരനെന്ന നിലയില്‍ നാലു തവണ എഫ്എ കപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ആര്‍തേറ്റ രണ്ടു തവണയും കിരീടമുയര്‍ത്തിയിട്ടുണ്ട്.