2021 ജനുവരി അഞ്ച്, കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വരിഞ്ഞം വാർഡിലെ ഊഴായ്ക്കോട് ഗ്രാമം.
ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പ്രഭാത കീർത്തനങ്ങൾ കേട്ടുണരുന്ന ഗ്രാമം, പക്ഷേ അന്ന് ഉണർന്നത് ഒരു പിഞ്ചു കുഞ്ഞിന്റെ ദയനീയമായ നിലവിളി കേട്ടാണ്.
അത്യാവശ്യം കൃഷിപ്പണികളും പുറംജോലികളുമായി കഴിയുന്ന ഊഴായ്ക്കോട് പേഴുവിള വീട്ടിൽ സുദർശനൻ പിള്ളയുടെ കാതിലും കുഞ്ഞിന്റെ നിലവിളിയെത്തി.
ഭാര്യ സീതമ്മയും വിവാഹിതരായ രശ്മി, രേഷ്മ എന്നീ പെൺമക്കളും രേഷ്മയുടെ ഭർത്താവ് വിഷ്ണുവുമാണ് സുദർശനൻ പിള്ളയുടെ വീട്ടിൽ താമസം. വിഷ്ണുവും കരച്ചിൽ കേട്ടു.
പൂച്ച കുഞ്ഞിന്റെ കരച്ചിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെ എന്തോ അപാകത തോന്നിയതോടെ ശബ്ദത്തിന്റെ ഉറവിടം തേടി തിരക്കിയിറങ്ങി.
റബർ തോട്ടത്തിൽ നിന്ന്
ഒരേക്കറോളം വരുന്ന റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽനിന്നാണ് കരച്ചിലെന്നു തോന്നിയതോടെ അവിടേക്ക് ഒാടിയെത്തി. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴം തുണികളാൽ പൊതിഞ്ഞ ഒരു ചോര കുഞ്ഞ്. ഉടൻതന്നെ അവർ വിവരം അയൽക്കാരെയും നാട്ടുകാരെയും അറിയിച്ചു. പിന്നാലെ പാരിപ്പള്ളി പോലീസുമെത്തി.
എല്ലാവരുടെയും സാന്നിധ്യത്തിൽ വിഷ്ണുവാണ് കരിയില കൂട്ടത്തിൽനിന്നു കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി.
പൊക്കിൾകൊടി മുറിക്കാൻ വിഷ്ണുവിന്റെ ഭാര്യ രേഷ്മയും ഒപ്പമുണ്ടായിരുന്നു. മൂന്നര കിലോഗ്രാം തൂക്കമുള്ള ഒരാൺകുഞ്ഞ്. കണ്ടാൽ ആർക്കും വളർത്താൻ തോന്നുന്ന ഓമനക്കുഞ്ഞ്.
കരിയില കൂട്ടത്തിൽനിന്നു കുഞ്ഞിനെ പുറത്തെടുക്കാനും തുടച്ചു വൃത്തിയാക്കാനും പൊക്കിൾകൊടിമുറിക്കാനും പോലീസ് എത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിക്കാനുമെല്ലാം വിഷ്ണുവിനോടൊപ്പം ഭാര്യ രേഷ്മയും മുന്നിലുണ്ടായിരുന്നു. പോലീസ് കുഞ്ഞിനെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിലെത്തിച്ചു.
ഗുരുതരാവസ്ഥയിൽ
റബർ തോട്ടത്തിൽ കിടന്ന കുഞ്ഞിനെ ഉറുമ്പും മറ്റും കടിച്ചിരുന്നു. റബർതോട്ടത്തിലെ പൊടിപടലങ്ങൾ ശ്വാസകോശത്തിലും മറ്റും കയറി ഗുരുതരാവസ്ഥയിലായിരുന്നു.
കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. എന്നാൽ, പിറ്റേ ദിവസം പുലരും മുമ്പേ കുഞ്ഞിന്റെ ജീവൻ പറന്നകന്നു.
അതിന്റെ ജനന രഹസ്യം പോലെ ജീവനും അപ്രത്യക്ഷമായി. തിരികെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ എത്തി ച്ച കുഞ്ഞു ശരീരം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചു.
നിശ്ചിത ദിവസത്തിനുള്ളിൽ അവകാശികളാരും എത്താതിരുന്നതിനാൽ മൃതദേഹം മെഡിക്കൽ കോളേജിനു പോലീസ് വിട്ടുകൊടുത്തു. വൈദ്യശാസ്ത്രവിദ്യാർഥകൾക്കു ശരീരശാസ്ത്രം പഠിക്കാനായി.
ഉപേക്ഷിച്ചവരെ തേടി
പ്രസവിച്ച ഉടൻ പൊക്കിൾകൊടിപോലും മുറിക്കാതെ ചോരക്കുഞ്ഞിനെ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച വരെ കണ്ടെത്താനായി പിന്നെ പോലീസിന്റെ അന്വേഷണം.
നാട്ടുകാരും പോലീസിനൊപ്പം ചേർന്നു. ഏതു കുറ്റവാളിയും ഒരു തെളിവ് അവശേഷിക്കുമെന്നാണ് പോലീസിന്റെ വിശ്വാസപ്രമാണം. പോലീസിലെ കാക ദൃഷ്ടികൾ ദൈവത്തിന്റെ അവശേഷിപ്പിച്ച ആ തെളിവിനായി അലഞ്ഞു.
പോലീസ് റബർ തോട്ടത്തിൽ ഒരു ദിവസം മുഴുവൻ നീണ്ട തെളിവാനായുള്ള തെരച്ചിലും അന്വേഷണവും നടത്തി. ഇതിനൊക്കെ പരിസരവാസികളായ സ്ത്രീകളെയും ഒപ്പം കൂട്ടി. സ്ത്രീകളെ ഒപ്പം കൂട്ടിയതിന്റെ പിന്നിലും ഒരു തന്ത്രമുണ്ടായിരുന്നു.
(തുടരും)