മൊറാദാബാദ്: ഫേസ്ബുക്കിലൂടെ തത്സമയ ദൃശ്യങ്ങള്‍ പുറത്തുവിട്ടശേഷം പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തന്റെ ജീവിതത്തില്‍ എല്ലാം കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നും ഇതിനാല്‍ ജീവനൊടുക്കുകയാണെന്നും 23കാരിയായ പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ വിവരമറിയിച്ചു. ഇദ്ദേഹമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തന വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇവരുടെ ഭര്‍ത്താവ് രാംപൂരില്‍ വ്യാപാരിയാണ്.
വൈകുന്നേരങ്ങളില്‍ വൈകി വരുന്നതിനെ ചൊല്ലി അയല്‍ക്കാര്‍ അപമാനിച്ചിരുന്നതായും മര്‍ദിച്ചിരുന്നതായും ഇതേതുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.