കോഴിക്കോട് : എഡിജിപി വിജയ് സാക്കറയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമിച്ച സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍.
ഉത്തര്‍പ്രദേശ് സ്വദേശികളായ നാസിര്‍ (22) , മുഷാഖ് ഖാന് (32) എന്നിവരെയാണ് കൊച്ചി സൈബര്‍ പോലീസ് പിടികൂടിയത്.
പ്രതികളുമായി അന്വേഷണസംഘം കൊച്ചിയിലേക്ക് തിരിച്ചു. ഉത്തര്‍പ്രദേശിലെ മാതുര ചാട , ചൗകി ബംഗര്‍, നാഗ്ല ഉത്ത്വാര് ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍.
ഏറെ സാഹസികമായാണ് പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. കേസില്‍ മറ്റു രണ്ടുപേര്‍ കൂടി പിടികൂടാനുണ്ട്.
കഴിഞ്ഞ മെയിലാണ് കേസിനാസ്പദമായ സംഭവം. എഡിജിപിയുടെ ചിത്രം ഉപയോഗിച്ച് തുറന്ന് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് കൊച്ചി കളമശേരി സ്വദേശിയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് വരികയും ഉടന്‍ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് മെസഞ്ചറുവഴി സന്ദേശങ്ങളും എത്തി.
സൗഹൃദസംഭാഷണത്തിനിടെ 10000 രൂപ ആവശ്യപ്പെട്ടു. പണം അയയ്ക്കാന്‍ ഗൂഗിള്‍പേ നമ്പറും നല്കി.
ഇതോടെയാണ് വ്യാജ അക്കൗണ്ടാണെന്ന് വ്യക്തമായത്. എഡിജിപിയെ നേരില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് നേരിട്ട് കേസെടുക്കുകയുമായിരുന്നു.
സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ കെ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉത്തര്‍പ്രദേശുകാരാണെന്ന് വ്യക്തമാവുകയും ഇവിടേക്ക് തിരിക്കുകയും ചെയ്തു.
തട്ടിപ്പിന് ഉപയോഗിച്ചത് 60 മൊബൈല്‍ ഫോണുകള്‍
കോഴിക്കോട്: എഡിജിപിയുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയ പ്രതികള്‍ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതായി സൂചന.
സൈബര്‍ തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണുകളും സ്കാനറുകളും ഫിംഗര്‍പ്രിന്റ് സ്കാനറുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
60 ഓളം ഫോണുകള്‍ ഉപയോഗിച്ചാണ് പ്രതികളുടെ ഓപ്പറേഷന്. ഫോണുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നെങ്കിലും ഏഴ് നമ്പറുകള്‍ മാത്രമായിരുന്നുള്ളത്.
വ്യാജ ഫേസ്ബുക്കിലൂടെയും മറ്റും റിക്വസ്റ്റ് അയച്ച് പണം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കാനായി അഞ്ച് ബാങ്കുകളില്‍ അക്കൗണ്ടുകളും ഉണ്ടായിരുന്നു.
വൈഇഎസ്, കാനറ, പഞ്ചാബ് നാഷണല്‍ ബാങ്ക്,എസ്ബിഐ, സെന്‍ട്രല്‍ ബാങ്ക്് എന്നീ ബാങ്കുകളിലായി 31 അക്കൗണ്ടുകളും ഇവര്‍ ഉപയോഗിച്ചത്. രണ്ട് ഇ-മെയിലുകളും ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഉള്‍പ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഉപയോഗിച്ച ഫോണ്‍നമ്പറുകളും അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
പോലീസ് ശേഖരിച്ച അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും ഏതെങ്കിലും കേസുകളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കും.