കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നുപറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്. വനിതാ കമ്മീഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസിനോട് ആവശ്യപ്പെട്ടത്.
യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിതാ കമ്മീഷന് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന് അംഗങ്ങള്‍ യുവതിയെ നേരില്‍ക്കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയായിരുന്നു.
അതിനു ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന് വീണ്ടും പരിഗണിക്കുകയായിരുന്നു.
ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ വനിതാ കമ്മീഷന് അദാലത്തില്‍ തീരുമാനമായി.
പ്രദേശത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും വനിത കമ്മീഷന് ആവശ്യപ്പെടും.
സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം പ്രായമായ അമ്മയെ ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിതാ കമ്മീഷന് പരിഗണിച്ചു. വിഷയത്തില്‍ കമ്മീഷൻ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അമ്മയുടെ അനുവാദമില്ലാതെ വീട് വാടകയ്ക്ക് നല്‍കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.
അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.
കേരള വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്, അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവരാണ് പരാതികള്‍ കേട്ടത്.