സ്വന്തം ലേഖകൻ
തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി…. ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ.
ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്.
മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്…
ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്…
ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു…
അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ.്
അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത കാരണം അലമാരിയിൽ പൂച്ച വരെ കയറിയിരിക്കാൻ തുടങ്ങി…
കാര്യം നിസാരമല്ലെന്നും പ്രശ്നം ഗുരുതരമാണെന്നും മനസിലായതോടെ ആതിരയുടെ പോസ്റ്റ് വായിച്ച സുനിലിന്റെ കൂട്ടുകാരും എഫ്ബിയിൽ പോസ്റ്റിട്ടു – എന്തുവാടേ..അതൊന്നു ശരിയാക്കി കൊടുത്തുകൂടെ…എന്ന്.
ഞങ്ങളുടെ റൂമിലേയും അവസ്ഥ ഇതുതന്നെയാണ് ഏട്ടത്തിയമ്മേ എന്ന മറുപോസ്റ്റും ഇതിനിടെ വന്നു.
ആറുമാസത്തിൽ കൂടുതലായി അലമാരയുടെ വാതിൽ പൊളിഞ്ഞിട്ടെന്നാണ് ആതിര പറയുന്നത്.
നൂറുകൂട്ടം തിരക്കിനിടെ വിട്ടുപോകുന്നതാണ് അലമാരവാതിലിന്റെ കാര്യമെന്നു സുനിലിന്റെ മറുപടി. രണ്ടുപേരുടേയും കൂട്ടുകാർ ഇവരെ വിളിച്ച് ഇക്കാര്യം സംസാരിക്കുന്നുണ്ട്.
അലമാര ശരിയാക്കിയോ എന്നാണ് ഇവരെ വിളിക്കുന്പോൾ എല്ലാവരും ആദ്യം ചോദിക്കുന്നത്.
പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മറന്നും വിട്ടുകളഞ്ഞും നടക്കുന്ന ഭർത്താക്കൻമാരെ ശരിയാക്കാൻ എഫ്ബി ഉപയോഗിക്കാമെന്നു കാണിച്ചുതന്ന ആതിരയ്ക്കു താങ്ക്സ് പറഞ്ഞു വിളിച്ചവരുമുണ്ട്.
ഇതൊക്കെയിങ്ങനെ ഓപ്പണായി വിളിച്ചുപറയണോ എന്നു ചോദിച്ചവരുമുണ്ട്.
എന്തായാലും അലമാരയുടെ വാതിൽ സുനിൽ നന്നാക്കുമോ എന്നറിയാൻ ഈ പോസ്റ്റ് വായിച്ചവരെല്ലാം കാത്തിരിക്കുന്നുണ്ട്. നന്നാക്കിയാൽ അതും ആതിര പോസ്റ്റു ചെയ്യുമെന്നുറപ്പ്.
സുനിൽ-ആതിര ദന്പതികളുടെ വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹവാർഷിക സമ്മാനമായി ഒരു അലമാരവാതിലായിരിക്കുമോ സുനിലിന്റെ വകയെന്നു ചോദിച്ചവരും ഏറെ…